ലൊസാഞ്ചലസ് : അമേരിക്കയിൽ ആദ്യമായി എലികളിൽ പക്ഷിപ്പനി കണ്ടെത്തിയതായി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ ആനിമൽ ആൻ്റ് പ്ലാൻ്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസ് റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിലെ നാല് കറുത്ത എലികളിലാണ് എച്ച്5എൻ1 വൈറസ് കണ്ടെത്തിയത്. ജനുവരി 29 മുതൽ ജനുവരി 31 വരെയുള്ള മൂന്ന് ദിവസങ്ങളിലായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. യുഎസിൽ എലി, അണ്ണാൻ തുടങ്ങിയവയിൽ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ, പൊതുജനങ്ങൾക്ക് പക്ഷിപ്പനി വരാനുള്ള സാധ്യത കുറവാണെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. കാനഡയിലും അപകടസാധ്യത കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ റിപ്പോർട്ട് ചെയ്തു. എന്നാൽ, പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി അഞ്ച് ലക്ഷത്തോളം പക്ഷിപ്പനി വാക്സിൻ വാങ്ങിയതായി ഏജൻസി അറിയിച്ചു. കാനഡയിൽ, റാക്കൂണുകൾ, സ്കങ്കുകൾ, ചുവന്ന കുറുക്കന്മാർ, പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ സസ്തനികളിൽ പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെ എലികളിൽ പക്ഷിപ്പനി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പറയുന്നു.