Sunday, August 31, 2025

ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും ; ചെന്നൈയിൽ ജഡ്ഡു യുഗത്തിനും കൊൽക്കത്തയിൽ ശ്രേയസ് യുഗത്തിനും തുടക്കം

ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 15-ാമത് എഡിഷന് ഇന്നു മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ തിരിതെളിയും.രാത്രി 7:30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റണ്ണറപ്പുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. ഇരു ടീമുകളും പുതിയ നായകന്മാരുടെ കീഴിലാണ് പുതിയ സീസണിന് ഇറങ്ങുന്നത്.

ഐ.പി.എല്‍. ചരിത്രത്തിലാദ്യമായി നായക സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണിയില്ലാതെയാണ് ചെന്നൈ പുതിയ സീസണിന് എത്തുന്നത്. നായക സ്ഥാനമൊഴിഞ്ഞ ധോണിക്കു പകരം രവീന്ദ്ര ജഡേജയാണ് ടീമിനെ നയിക്കുന്നത്. കൊല്‍ക്കത്തയാകാട്ടെ ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരുടെ നേതൃത്വത്തിനു കീഴിലാണ് ഇറങ്ങുക.

ഉദ്ഘാടനമത്സരത്തിനറങ്ങുമ്പോൾ പ്രമുഖ താരങ്ങളുടെ അഭാവം ഇരുടീമുകള്‍ക്കും തിരിച്ചടിയാകും. ചെന്നൈ നിരയില്‍ പരിക്കേറ്റ ദീപക് ചഹാര്‍ ഉണ്ടാകില്ല. മെഗാ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കായിരുന്നു ചെന്നൈ ചഹാറിനെ സ്വന്തമാക്കിയത്. ചഹറിന് പകരം യുവതാരം രാജ്‌വര്‍ധന്‍ ഹങ്ങാര്‍ഗേക്കര്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.

മറുവശത്ത് അടിമുടി മാറിയാണ് കൊല്‍ക്കത്ത എത്തുന്നത്. ശ്രേയസിന്റെ നായക പാടവവും വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ തുടങ്ങിയ യുവതാരങ്ങളുടെ മിന്നുന്ന ഫോമും അവര്‍ക്ക് തുണയാണ്. ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി തുടങ്ങി മികച്ച ഓള്‍റൗണ്ടര്‍മാരും അവര്‍ക്കുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയുടെ പാകിസ്താന്‍ പര്യടനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഇല്ലാത്തത് കൊല്‍ക്കത്തയ്ക്ക് തലവേദനയാണ്.

ഇതിനു മുമ്പ് ഇതുവരെ 27 തവണയാണ് ഐ.പി.എല്ലില്‍ ഇരു ടീമുകളും കൊമ്പുകോർത്തത്. ഇതില്‍ 18 മത്സരങ്ങളിലും ജയം ചെന്നൈയ്‌ക്കൊപ്പം നിന്നു. എട്ടു മത്സരങ്ങളില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാനായത്. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. രാത്രി 7:30ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 4 എന്നീ ചാനലുകളിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!