കിച്ചനർ : ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാട്ടർലൂ മേഖലയിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. ചൊവ്വാഴ്ച രാത്രി ആരംഭിക്കുന്ന മഴ ഏകദേശം 24 മണിക്കൂർ നിർത്താതെ പെയ്തേക്കും.
മേഖലയിൽ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ബുധനാഴ്ച ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്കും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ എൻവയൺമെന്റ് കാനഡ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഈ ആഴ്‌ച ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൾട്ടൺ, ദുർഹം, ഹാമിൽട്ടൺ, നയാഗ്ര, ജിടിഎ എന്നിവയുൾപ്പെടെ തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നീണ്ടുനിൽക്കുന്ന മഴയും മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കത്തിന് കാരണമായേക്കും.