ഓട്ടവ : കാനഡയിൽ നിന്നും കുടിയേറ്റക്കാർ കൂട്ടപാലായനം നടത്തുന്നതായി റിപ്പോർട്ട്. 2024-ൽ 81,601 പേർ കാനഡ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2017-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ ഓരോ പ്രവിശ്യകളിലും ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് വർഷം തോറും വർധിച്ചിട്ടുണ്ടെന്നും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തുടനീളം നിലനിൽക്കുന്ന ഭവനപ്രതിസന്ധി, ചിലവ് കുറഞ്ഞ വീടുകളുടെ കുറവ്, വാടക നിരക്കിലെ അനിശ്ചിതത്വം, ഉയരുന്ന ജീവിതച്ചെലവ്, വിലക്കയറ്റം തുടങ്ങിയവ കാനഡയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ ജനസംഖ്യാ നഷ്ടത്തിൽ ഒൻ്റാരിയോ ഏറ്റവും മുന്നിൽ നിൽക്കുന്നത്. 2024-ൽ, പ്രവിശ്യയിൽ നിന്നും 48% കുടിയേറ്റക്കാർ വിട്ടുപോയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2011-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സ്ഥിരതാമസക്കാർക്ക് ഒപ്പം, രാജ്യാന്തര വിദ്യാർത്ഥികൾ, താത്കാലിക തൊഴിലാളികൾ എന്നിവരും മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇമിഗ്രേഷൻ ഹോട്ട്‌സ്‌പോട്ട് എന്ന നിലയിൽ ബ്രിട്ടിഷ് കൊളംബിയ ഒട്ടും പിന്നിലല്ല. 2024-ൽ, 14,836 താമസക്കാർ പ്രവിശ്യയോട് വിടപറഞ്ഞു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലായന നിരക്കാണിത്. അതേസമയം കെബെക്കിൽ നിന്നാണ് ഏറ്റവും കുറച്ചു ആളുകൾ വിട്ടുപോയത്. 2021-ലെ 1,531-മായി താരതമ്യം ചെയ്യുമ്പോൾ വെറും 937 പേർ മാത്രമാണ് കെബക്കിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോയത്. അതേ സമയം, കഴിഞ്ഞ വർഷം പ്രവിശ്യ 46,944 പുതുമുഖങ്ങളെ സ്വാഗതം ചെയ്തു.
അതേസമയം സ്ഥിരതാമസക്കാരല്ലാത്തവരുടെ ജനസംഖ്യാ വളർച്ചയ്ക്ക് കാരണമായ താൽക്കാലിക തൊഴിലാളികൾ, വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുടെ മൊത്തം ഒഴുക്ക് 2024-ൽ 50% കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. 2023-ൽ 636,427 ആയിരുന്നത് 2024-ൽ 319,506 ആയി കുറഞ്ഞിട്ടുണ്ട്.