ടൊറൻ്റോ : ഈ മാസം ആദ്യം വിദേശത്ത് നിന്നും ടൊറൻ്റോ പിയേഴ്‌സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ വിമാനത്തിൽ അഞ്ചാംപനി അണുബാധിതൻ ഉണ്ടായിരുന്നതായി മുന്നറിയിപ്പ് നൽകി ടൊറൻ്റോ പബ്ലിക് ഹെൽത്ത്. മാർച്ച് 2-ന് ടോക്കിയോ-ടൊറൻ്റോ എയർ കാനഡ ഫ്ലൈറ്റ് എസി 002-ൽ യാത്ര ചെയ്ത ഒരാൾക്ക് വൈറസ് ബാധിച്ചിരുന്നതായി ടിപിഎച്ച് പറയുന്നു. മാർച്ച് രണ്ടിന് വൈകിട്ട് 4:50-നും 7:30-നും ഇടയിൽ പിയേഴ്‌സൺ എയർപോർട്ടിലെ ടെർമിനൽ 1-ൽ ഉണ്ടായിരുന്നവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ടൊറൻ്റോ പിയേഴ്‌സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഒരു രാജ്യാന്തര വിമാനം എത്തിയ ശേഷം അഞ്ചാംപനി സ്ഥിരീകരിക്കുന്നത്. ഫെബ്രുവരി 22-ന് ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്നും പിയേഴ്‌സൺ എയർപോർട്ടിൽ എത്തിയ വിമാനത്തിൽ വൈറസ് ബാധിതൻ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

ഒൻ്റാരിയോയിൽ അഞ്ചാംപനി കേസുകളിൽ വർധന റിപ്പോർട്ട് ചെയ്യുന്നതിന് ഇടയിലാണ് പുതിയ കേസ്. ഫെബ്രുവരി 26 വരെ ഒൻ്റാരിയോയിൽ 127 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 50 കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. ഫെബ്രുവരി 13 നും 26 നും ഇടയിൽ മാത്രം 78 കേസുകളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും കൗമാരക്കാരും കുട്ടികളുമാണെന്നും ആരോഗ്യ വകുപ്പ് പറയുന്നു. വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ളതാണ് കാനഡയിൽ പടരുന്ന പല അഞ്ചാംപനി കേസുകളെന്നും പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഐസക് ബൊഗോച്ച് പറയുന്നു. ന്യൂബ്രൺസ്വിക്, കെബെക്ക്, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ അഞ്ചാംപനി പടരുന്നുണ്ട്. മാർച്ച് 6 വരെ കാനഡയിലുടനീളമുള്ള അഞ്ചാംപനി കേസുകളുടെ ആകെ എണ്ണം 227 അയി ഉയർന്നിരുന്നു. അതേസമയം യുഎസിലും അഞ്ചാംപനി വ്യാപകമായി പടരുന്നുണ്ട്. ടെക്സസിൽ. വാക്‌സിനേഷൻ എടുക്കാത്ത ഒരു കുട്ടി ഫെബ്രുവരി 26-ന് രോഗം ബാധിച്ച് മരിച്ചിരുന്നു. 2015-ന് ശേഷം യുഎസിൽ നടന്ന ആദ്യത്തെ അഞ്ചാംപനി മരണമാണിത്.

“രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ വായുവിലൂടെ പടരുന്ന പകർച്ചവ്യാധിയായ വൈറസാണ് മീസിൽസ്,” ടൊറൻ്റോ പബ്ലിക് ഹെൽത്ത് പുറത്തിറക്കിയ ഒരു വാർത്താക്കുറിപ്പ് പറയുന്നു. വൈറസിന് രണ്ട് മണിക്കൂർ വരെ വായുവിലോ ഉപരിതലത്തിലോ നിലനിൽക്കാൻ കഴിയും. ആളുകൾ മലിനമായ വായു ശ്വസിക്കുകയോ രോഗബാധിതമായ പ്രതലത്തിൽ സ്പർശിക്കുകയോ ചെയ്താൽ അവരുടെ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിച്ചാൽ രോഗബാധിതരാകാം. വാക്സിനേഷനിലൂടെ തടയാവുന്ന രോഗമാണ് അഞ്ചാംപനി. കാനഡയിൽ അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻ സാധാരണയായി 12 മാസം പ്രായമുള്ളപ്പോൾ നൽകുന്നുണ്ട്. കൂടാതെ രണ്ടാമത്തെ ഡോസ് നാലിനും ആറ് വയസ്സിനും ഇടയിലാണ് നൽകുക. രണ്ടു ഡോസ് അഞ്ചാംപനി വാക്സിൻ എടുത്തിട്ടില്ലാത്തവർക്കോ അഞ്ചാംപനി ഇതുവരെ ബാധിക്കാത്തവർക്കോ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്, ടൊറൻ്റോ പബ്ലിക് ഹെൽത്ത് പറയുന്നു.