ഓട്ടവ : കാനഡയുടെ പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റിന് (HCWP) കീഴിൽ 2,750 ഹോം കെയർ തൊഴിലാളികൾക്ക് സ്ഥിര താമസ പദവി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മാർച്ച് 31 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ, വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ എന്നിങ്ങനെ രണ്ടു സ്ട്രീമുകൾ ഉൾക്കൊള്ളുന്നതാണ് ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്.

ആകെയുള്ള 2,750 അപേക്ഷകളിൽ 150 എണ്ണം നിലവിൽ രാജ്യത്തിന് പുറത്തുള്ള ഹോം കെയർ തൊഴിലാളികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ, കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികളുടെ അപേക്ഷകളായിരിക്കും ഐആർസിസി ആദ്യം സ്വീകരിക്കുക. കാനഡയ്ക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾക്ക് പിന്നീട് അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. എന്നാൽ, ഈ തീയതി ഇമിഗ്രേഷൻ വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.