ദുബായ് :പൊതുഗതാഗത സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ ഇനി മൊബൈൽ ഫോണിലെ വോലറ്റിൽ സൂക്ഷിക്കാമെന്ന് ആർടിഎ. കാർഡുകൾ കയ്യിൽ കൊണ്ടുനടക്കേണ്ട. നോൽ കാർഡിനു പകരം ബാങ്ക് കാർഡുകൾ ഉപയോഗിച്ചും പേയ്മെന്റ് പൂർത്തിയാക്കാം.
നോൽ കാർഡുകൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ 40% പിന്നിട്ടതായി ആർടിഎ അറിയിച്ചു. ഫോണിൽ കാർഡുകൾ ലിങ്ക് ചെയ്ത്, അതുപയോഗിച്ചു യാത്ര സാധ്യമാകുന്ന സംവിധാനമാണ് നിലവിൽ വന്നത്. പുതിയ സംവിധാനത്തിൽ ഓരോരുത്തർക്കും ഡിജിറ്റൽ അക്കൗണ്ടുകൾ തുടങ്ങാം. അതിൽ, നോൽ കാർഡുകൾ ബന്ധിപ്പിക്കാം. നോൽ കാർഡ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു റീചാർജ് അടക്കമുള്ള കാര്യങ്ങൾ ഡിജിറ്റലായി പൂർത്തിയാക്കാം.

സൗകര്യങ്ങൾ
പുതിയ ഡിജിറ്റൽ അക്കൗണ്ടിൽ കുടുംബത്തിലെ മറ്റുള്ളവരുടെ നോൽ കാർഡുകളും ലിങ്ക് ചെയ്യാം. ഓരോ കാർഡും ഒരൊറ്റ അക്കൗണ്ടിൽ നിന്നു തന്നെ റീ ചാർജ് ചെയ്യാം. ബാലൻസ് തീരുമ്പോൾ സ്വയം റീചാർജ് ചെയ്യാനുള്ള സംവിധാനവും അക്കൗണ്ടിലുണ്ട്.
ഓരോ ദിവസത്തെയും പണമിടപാടുകളുടെ സ്റ്റേറ്റ്മെന്റ് എടുക്കാനും കാർഡുകൾ സസ്പെൻഡ് ചെയ്ത് ബാലൻസ് തിരിച്ചെടുക്കാനുമുള്ള സംവിധാനവും ഡിജിറ്റൽ അക്കൗണ്ടിലുണ്ട്. പൊതുഗതാഗതത്തിലെ യാത്രയ്ക്ക് നോൽ കാർഡ് ഉപയോഗിച്ചു മാത്രമാണ് പണം നൽകിയിരുന്നതെങ്കിലും പുതിയ സംവിധാനത്തിൽ ക്യുആർ കോഡ്, ഡിജിറ്റൽ നോൽ കാർഡ്, ഫേഷ്യൽ റെക്കഗ്‌നിഷൻ, ഫിംഗർ പ്രിന്റ്, ബാങ്ക് കാർഡ്സ്, ഡിജിറ്റൽ വോലറ്റ് ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഉപയോഗിച്ചു ഇടപാട് നടത്താമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.

സാധനം വാങ്ങാനും ഡിജിറ്റൽ നോൽ കാർഡ് ഉപയോഗിക്കാം. ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായി നോൽ കാർഡും ഉപയോഗപ്പെടുത്താം. 2026ന്റെ മൂന്നാം പകുതിയിൽ നോൽ കാർഡ് ഡിജിറ്റൽവൽക്കരണം പൂർണമാകുമെന്നും അദ്ദേഹം പറഞ്ഞു. 2009 സെപ്റ്റംബർ 9ന് ദുബായ് മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് നോൽ കാർഡുകൾ പുറത്തിറക്കിയത്.