Sunday, August 31, 2025

മാഫിയകൾ തമ്മിൽ ഏറ്റുമുട്ടി , 81 മരണം ; എൽ സാൽവദോറിൽ അടിയന്തരാവസ്ഥ

സാന്‍ സാല്‍വദോര്‍: മധ്യ അമേരിക്കയിലെ എല്‍ സാല്‍വദോറില്‍ സായുധ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റ് നയീബ് അര്‍മാന്‍ഡോ ബുകേലെയുടെ അഭ്യര്‍ഥന എല്‍ സാല്‍വദോര്‍ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 പേരും ശനിയാഴ്ച 67 പേരും കൊല്ലപ്പെട്ടതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയത്.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എല്‍ സാല്‍വദോര്‍ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിച്ചതോടെ, പൊലീസ് അധികാരങ്ങള്‍ വിപുലീകരിക്കുകയും പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ‘ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല, ഈ യുദ്ധത്തില്‍ പിന്നോട്ടു പോകുകയുമില്ല, കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരും’ എല്‍ സാല്‍വദോര്‍ നാഷനല്‍ സിവില്‍ പോലീസ് ട്വീറ്റ് ചെയ്തു.

1979 മുതല്‍ 1992 വരെ എല്‍ സാല്‍വദോറിലുണ്ടായ ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്‌കാരത്തിനു വളമേകിയതെന്ന് നിരീക്ഷകര്‍ പറയുന്നു. എണ്‍പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഈ യുദ്ധത്തോടെയാണ് സൈന്യത്തിന്റെയും വിമതരുടെയും ആശീര്‍വാദത്തോടെ ഗ്യാങ് സംസ്‌കാരം എല്‍ സാല്‍വദോറില്‍ പിടിമുറുക്കിയത്.

അതേസമയം, സെന്റര്‍ മെക്‌സിക്കോയിലുണ്ടായ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരു ആഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണം.

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിനുണ്ടായ കാരണം അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

മെക്‌സിക്കോയില്‍ കലാപങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാന്‍. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാകാം വെടിവെപ്പിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!