ഓട്ടവ : വസന്തകാല മഞ്ഞുവീഴ്ച റോഡുകളെയും നടപ്പാതകളെയും മൂടിയതോടെ രാജ്യതലസ്ഥാനത്ത് നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലുടനീളം 1-2 സെൻ്റീമീറ്റർ മഞ്ഞ് വീണതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റോഡുകളും നടപ്പാതകളും കനത്ത മഞ്ഞു പുതച്ചതിനാൽ ജോലിയ്ക്കും സ്‌കൂളിൽ പോകുന്നതിനും കൂടുതൽ സമയം എടുത്തേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യതലസ്ഥാനത്ത് സ്കൂൾ ബസുകൾ ഓടുന്നുണ്ട്. എന്നാൽ മഞ്ഞ് കാരണം ചില ബസുകൾ വൈകിയേക്കാമെന്ന് ഓട്ടവ സ്റ്റുഡൻ്റ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച രാവിലെ ഓട്ടവ ഹൈവേ 417-ലും ഹൈവേ 174-ലും നിരവധി കൂട്ടിയിടികളുണ്ടായതായി പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് റിച്ച്‌മണ്ട് റോഡിലെ ബേഷോർ ഡ്രൈവിലുള്ള ഹൈവേ 417-ൻ്റെ എല്ലാ പടിഞ്ഞാറൻ പാതകളും ഏകദേശം 30 മിനിറ്റോളം താൽക്കാലികമായി അടച്ചിരുന്നു. ഹൈവേയുടെ ബേഷോർ ഡ്രൈവ് എക്സിറ്റിൽ അഞ്ചിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതായി ഓട്ടവ പാരാമെഡിക് സർവീസ് വക്താവ് പറഞ്ഞു. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിയർ പാർക്ക്‌വേയിലെ ഹൈവേ 417, ഹോളി ഏക്കർസിലെ ഹൈവേ 417, ഹൈവേ 174, സ്മിത്ത് റോഡ്/അൾട്ട വിസ്റ്റ ഡ്രൈവ് എന്നിവിടങ്ങളിൽ അപകടങ്ങൾ ഉണ്ടായതായി പാരാമെഡിക്കുകൾ അറിയിച്ചു. ഫാലോഫീൽഡ് റോഡിന് സമീപമുള്ള ഹൈവേ 416-ൽ വാഹനം മറിഞ്ഞും അപകടം ഉണ്ടായിട്ടുണ്ട്. ഒന്നിലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരമായ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓട്ടവയിൽ ഇന്ന് 2 സെൻ്റീമീറ്റർ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഉച്ചകഴിഞ്ഞ് മഞ്ഞുവീഴ്ച അവസാനിക്കും. തുടർന്ന് മേഘാവൃതമായിരിക്കും, മഴയ്ക്ക് 40 ശതമാനം സാധ്യതയുണ്ട്. ഉയർന്ന താപനില എട്ട് ഡിഗ്രി സെൽഷ്യസ്.