സെനഗലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി ഈജിപ്‌ത് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതിനു പിന്നാലെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ സൂചനകൾ നൽകി സൂപ്പർതാരം മൊഹമ്മദ് സലാ. സെനഗലിനെതിരായ പ്ലേ ഓഫ് മത്സരത്തിൽ സലാ അടക്കമുള്ള താരങ്ങൾ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിന്റെ ഭാഗമായാണ് ഈജിപ്‌ത് തോൽവി വഴങ്ങേണ്ടി വന്നത്. ഇതിനു ശേഷമാണ് ഇരുപത്തിയൊമ്പതു വയസുള്ള ലിവർപൂൾ താരം ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്.
രണ്ടാമത്തെ മത്സരത്തിനു മുൻപേ ഞാൻ സഹതാരങ്ങളോട് അവരോടൊപ്പം കളിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഞാൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചവരിലൊന്നാണ് അവരെന്നും പറഞ്ഞിരുന്നു. ഇതിനു മുൻപുള്ള തലമുറക്കൊപ്പം ഞാൻ കുറച്ചു കാലമുണ്ടായിരുന്നു. വെൽ ഗോമ, മൊഹമ്മദ് അബു തൃക്ക, അബ്ദുല്ല അൽ സയിദ് തുടങ്ങിയവരുടെ തലമുറ. എന്നാൽ ഇപ്പോഴത്തെ താരങ്ങളിൽ ഞാൻ സന്തോഷവാനാണ്.”
“നിങ്ങൾക്കൊപ്പം കളിക്കുന്നതിൽ അഭിമാനമുണ്ട്, അതൊരു ആദരവാണ്. സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കൊരു പ്രതിബന്ധം ആവരുത്. കാരണം രണ്ടാം തവണയും പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽവി വഴങ്ങിയത്. എനിക്ക് കൂടുതലൊന്നും പറയാനില്ല, നിങ്ങൾക്കൊപ്പം കളിക്കുന്നത് അഭിമാനമാണ്, ഞാൻ ദേശീയ ടീമിനൊപ്പം ഇനിയുണ്ടായാലും ഇല്ലെങ്കിലും.” സലാ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ സഹതാരങ്ങളോട് പറഞ്ഞു.
ഇതു രണ്ടാമത്തെ പ്രധാന മത്സരമാണ് ഈജിപ്‌ത് സെനഗലിനോട് തോൽക്കുന്നത്. ജനുവരിയിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് ഫൈനലിലും സെനഗലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്‌ത് തോറ്റിരുന്നു. ഇതോടെ വീണ്ടുമൊരു ലോകകപ്പ് കളിക്കാൻ ഇനിയും നാല് വർഷം കൂടി ലോകഫുട്ബോളിലെ സൂപ്പർതാരമായ സലാക്ക് കാത്തിരിക്കേണ്ടി വരും.