ടെഹ്‌റാൻ: ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബിങ് നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് ദ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, എല്ലാ ലോഞ്ചറുകളും ഇതിനകം ലോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇറാൻ ഒബ്‌സർവർ’ മിസൈൽ ശേഖരം സംബന്ധിച്ച വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അധികാരമേറ്റെടുത്തപ്പോൾ മുതൽ ട്രംപ് ആവശ്യപ്പെടുന്നതാണ്. വിവിധ പ്രതിരോധ ഗ്രൂപ്പുകളുമായുള്ള ബന്ധം ഇറാൻ വിച്ഛേദിക്കുകയും മിസൈൽ, ഡ്രോണുകൾ എന്നിവയുടെ ശേഷി പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് യുഎസുമായി ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇറാനു മറുപടി ബോംബിങ് ആയിരിക്കുമെന്ന് ട്രംപ് ഭീഷണിപെടുത്തിയത്.