ന്യൂ ഡൽഹി : ഫേസ്ബുക്ക് തങ്ങളുടെ യൂസർ ഡാറ്റ മറ്റ് കമ്പനികളുമായി പങ്കിടുന്നുണ്ടെന്ന പ്രശ്നത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ഹൈക്കോടതി. വാട്സാപ്പിന്റെ സ്വകാര്യതാ നയം സംബന്ധിച്ച ഒരു ഹരജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി ആശങ്ക പങ്കുവെച്ചത്.
എല്ലാ ഉപയോക്താക്കൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് ഡാറ്റ മൈനിങ് കമ്പനിയായ കെംബ്രിഡ്ജ് അനലിറ്റിക്ക സംഭവം സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് രാജീവ് ശാക്ധേറിന്റെ പരാമർശം. വൻതോതിലുള്ള സ്വകാര്യവിവര കുംഭകോണം നടന്ന സംഭവമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ലോകത്തിലെ ജനാധിപത്യ സംവിധാനങ്ങൾക്ക് ഒരു വലിയ ഭീഷണിയായി സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ നടത്തുന്ന അഴിമതികൾ മാറുന്നുവെന്ന വസ്തുതയിലേക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക വിരൽച്ചൂണ്ടുന്നതായി ജസ്റ്റിസ് രാജീവ് ശാക്ധേർ പരാമർശിച്ചു.
അമേരിക്കയിലെ ഓരോ പൗരന്റെയും 5000 ഡാറ്റ് പോയിന്റുകൾ വീതം തങ്ങളുടെ പക്കലുണ്ടെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക അവകാശപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് വ്യക്തമാക്കുന്നത് ഒരു വ്യക്തിയുടെ ഏതൊരു പ്രവൃത്തിയെയും വിശകലനം ചെയ്ത് അയാൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് സാധിക്കുമെന്നല്ലേയെന്നും കോടതി ചോദിച്ചു.
ഈ വിഷയം നിലവിൽ പാർലമെന്റിന്റെ പരിഗണനയിലുള്ള ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പാസ്സായതിനു ശേഷമേ പരിഗണിക്കേണ്ടതുള്ളൂ എന്ന് ഫേസ്ബുക്കിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വ്യക്തമാക്കി. കേസിൽ വാദം കേൾക്കുന്നത് കോടതി മാറ്റിവെച്ചു.