ഓട്ടവ : സ്റ്റിയറിങ് അസംബ്ലി തകരാറിനെ തുടർന്ന് ഫോർഡ് ട്രക്കുകൾ തിരിച്ചു വിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2025 മോഡൽ ഫോർഡ് എഫ്-250, എഫ്-350, എഫ്-450 സൂപ്പർ ഡ്യൂട്ടി ട്രക്കുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കാനഡയിലുടനീളം വിറ്റഴിച്ച 1,785 വാഹനങ്ങളാണ് തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്റ്റിയറിങ് അസംബ്ലി തകരാർ മൂലം ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സമയത്ത് തനിയെ ഉരുണ്ടു പോയി അപകടങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ഷിഫ്റ്റുമായി സ്റ്റിയറിങ് അസംബ്ലിക്കുള്ള ബന്ധം വിച്ഛേദിക്കുകയും പാർക്ക് (‘പി’) സ്ഥാനത്തേക്ക് ട്രാൻസ്മിഷൻ മാറ്റാൻ സാധിക്കാതെ വരുകയും ചെയ്യും. പാർക്കിങ് ബ്രേക്ക് ഉപയോഗിക്കാത്തപക്ഷം ഈ ട്രക്കുകൾ തനിയെ നീങ്ങുന്നതിനും അപകടത്തിനു കാരണമാകും, ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. തിരിച്ചു വിളിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി മെയിൽ വഴി വിവരം അറിയിക്കും. കൂടാതെ ട്രക്ക് ഷോറൂമിൽ പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ സ്റ്റിയറിങ് അസംബ്ലി മാറ്റിസ്ഥാപിക്കാനും നിർദ്ദേശം നൽകുമെന്നും ട്രാൻസ്‌പോർട്ട് കാനഡ പറഞ്ഞു.