ഓട്ടവ : കൊച്ചുകുട്ടികൾക്ക് അപകടമുണ്ടാക്കുന്ന ആയിരക്കണക്കിന് പ്ലഷ് കളിപ്പാട്ടങ്ങൾ കാനഡയിൽ തിരിച്ചു വിളിച്ചു. സുവനീർ ഡു കാനഡ ബ്രാൻഡ് തവിട്ട് കരടി, വെളുത്ത കരടി, കറുത്ത കരടി, മൂസ് എന്നിവയുൾപ്പെടെയുള്ള പ്ലഷ് കളിപ്പാട്ടങ്ങളാണ് തിരിച്ചുവിളിച്ചതെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. ഈ കളിപ്പാട്ടങ്ങളിലെ കട്ടിയുള്ള പ്ലാസ്റ്റിക് കണ്ണുകൾ ഊരിപ്പോരുമെന്നും അവ കൊച്ചുകുട്ടികളുടെ ഉള്ളിൽ പോയി അപകടത്തിന് സാധ്യത ഉണ്ടെന്നും ഫെഡറൽ ഏജൻസി പറയുന്നു.

ഈ കളിപ്പാട്ടങ്ങൾക്ക് ചുവപ്പും വെള്ളയും നിറങ്ങളടങ്ങിയ തൊപ്പിയും മുൻവശത്ത് “കാനഡ” എന്ന് എഴുതിയ സ്വറ്ററും മേപ്പിൾ ഇല ചിഹ്നവും ഉണ്ട്. ബുധനാഴ്ച വരെ, കാനഡയിൽ ഈ കളിപ്പാട്ടവുമായി ബന്ധപ്പെട്ട് പരുക്കുകളോ മറ്റു അപകടങ്ങളോ ഉണ്ടായിട്ടില്ല. എന്നാൽ, ഉപയോക്താക്കൾ അവ ഉടൻ തന്നെ ഉപയോഗിക്കുന്നത് നിർത്തി ഉപേക്ഷിക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. 2024 ഫെബ്രുവരി മുതൽ 2025 മാർച്ച് വരെ കാനഡയിൽ 2,232 കളിപ്പാട്ടങ്ങൾ വിറ്റതായി അധികൃതർ പറഞ്ഞു.