റെജൈന : പൊതുജനപരാതിയെ തുടർന്ന് റെജൈന പൊലീസ് മേധാവി ഫാറൂഖ് ഷെയ്ഖിനെ സർവീസിൽ നിന്നും താൽക്കാലികമായി നീക്കം ചെയ്തു. ഷെയ്ഖിനെതിരെ ഒരു കമ്മ്യൂണിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പബ്ലിക് കംപ്ലയിൻ്റ്‌സ് കമ്മീഷൻ (പിസിസി) അറിയിച്ചു. അതേസമയം പരാതിക്ക് പിന്നിലെ കാരണം പരസ്യമാക്കിയിട്ടില്ല. ഡെപ്യൂട്ടി ചീഫ് ലോറിലി ഡേവീസ് ഇടക്കാല ആക്ടിംഗ് പൊലീസ് മേധാവിയാകും.

അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് പിസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. പിസിസിയുടെ അന്വേഷണം പൂർത്തിയായാൽ ബോർഡ് ഓഫ് പോലീസ് കമ്മീഷണർമാരെ അറിയിക്കും. അതേസമയം പ്രവിശ്യ പൊലീസ് ആക്ട് അനുസരിച്ച്, സർവീസിൽ നിന്നും വിട്ടുനിൽക്കുമ്പോഴും ഷെയ്ഖിന് ശമ്പളം ലഭിക്കും.