വൻകൂവർ : പ്രചാരണ തന്ത്രം മാറ്റി എൻഡിപി ലീഡർ ജഗ്മീത് സിങ്. പ്രധാനമന്ത്രിയാകുക എന്ന ലക്ഷ്യത്തിനുപകരം നിയമസഭയിൽ തങ്ങളുടെ പ്രാതിനിധ്യം കൂട്ടുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സിങ് പറഞ്ഞു. വോട്ടർമാരിൽ 11% പേർ മാത്രമാണ് എൻഡിപിയെ പിന്തുണയ്ക്കുന്നതെന്ന അബാക്കസ് ഡാറ്റയുടെ സർവേ ഫലങ്ങൾ പുറത്തുവന്നതോടെ, കുറഞ്ഞ പിന്തുണ മാത്രമുള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ സാധ്യതയില്ലെന്ന വസ്തുതയാണ് ലീഡറിന്റെ നിലപാടിലെ മാറ്റത്തിനു പിന്നിൽ.

കഴിഞ്ഞ നാല് വർഷത്തിനിടെ വെറും 25 എംപിമാരെ മാത്രം ഉപയോഗിച്ച് ഫെഡറൽ എൻഡിപി ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് ഫ്രേസർ വാലി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഹാമിഷ് ടെൽഫോർഡ് അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരിക്കാൻ അവസരമുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നതിനു പകരം ആ റെക്കോർഡ് അടിസ്ഥാനമാക്കി പ്രചാരണം നടത്തുന്നതാണ് പാർട്ടിക്ക് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിപിയുടെ ഭാവി അനിശ്ചിതത്വത്തിലായതിനാൽ, ജഗ്മീത് സിങ്ങിന്‍റെ നേതൃത്വവും പ്രതിസന്ധിയിലാണ്. ബർണബി സെൻട്രലിൽ സ്വന്തം സീറ്റ് നഷ്ടപ്പെട്ടാൽ സിങ്ങിന്‍റെ രാഷ്ട്രീയ ജീവിതം അപകടത്തിലായേക്കാമെന്നും ടെൽഫോർഡ് പറയുന്നു.