ഓട്ടവ: കാനഡയിൽ പ്രവർത്തിച്ചുവരുന്ന എക്സ്പ്രസ് സ്ക്രിപ്റ്റ്സ് കാനഡ (ESC) എന്ന കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ച് കാനഡ കോമ്പറ്റീഷൻ ബ്യൂറോ. ഇൻഷുറൻസ് ദാതാക്കൾക്കും ഫാർമസികൾക്കും പ്രോസസ്സിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എക്സ്പ്രസ് സ്ക്രിപ്റ്റ്സ് കാനഡ. കമ്പനിക്കെതിരെ കനേഡിയൻ ഫാർമസിസ്റ്റ് അസോസിയേഷൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. മിസ്സിസാഗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി രാജ്യത്തെ ഏറ്റവും വലിയ ഫാർമസി ബെനിഫിറ്റ് മാനേജർ (PBM) കൂടിയാണ്.

ഫാർമസിക്കും ഇൻഷുറൻസ് ദാതാവിനും ഇടയിൽ ഒരു ഇടനിലക്കാരനായാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇൻഷുററുമായി നേരിട്ട് ഇടപാടുകൾ നടത്തുകയോ പണം നൽകുകയോ ചെയ്യാതെ രോഗികളുടെ പേരിൽ ഇലക്ട്രോണിക് ക്ലെയിമുകൾ സമർപ്പിക്കാൻ ഫാർമസിസ്റ്റുകളെ അനുവദിക്കുകയെന്നതാണ് കമ്പനിയുടെ പ്രവർത്തനം. കൂടാതെ കാനഡയിൽ എക്സ്പ്രസ് സ്ക്രിപ്റ്റ്സ് കാനഡ കാനഡയിൽ കമ്പനിയുടെ നാല് ഫാർമസികളും നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള ഫാർമസികളിൽ പുതിയ നോൺ-ഓപ്ഷണൽ സർവീസ് ഫീസ് ഏർപ്പെടുത്തിയതിനെത്തുടർന്ന് കമ്പനി കൂടുതൽ പരിശോധനയ്ക്ക് വിധേയമായിരുന്നു. തുടർന്നാണ് ഇഎസ്‌സി പിബിഎം വിപണിയിൽ ആധിപത്യ സ്ഥാനം മുതലെടുത്ത് ചൂഷണം ചെയ്യുന്നതായി കനേഡിയൻ ഫാർമസിസ്റ്റ് അസോസിയേഷൻ (സിപിഎച്ച്എ) കോംപറ്റീഷൻ ബ്യൂറോയിൽ പരാതി നൽകിയത്. ഫാർമസികൾ ജനങ്ങൾക്ക് നൽകുന്ന ആരോഗ്യ പരിപാലന സേവനങ്ങളിൽ ESC പരിമിതികൾ ഏർപെടുത്തുന്നതായി CPhA പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.