Sunday, August 31, 2025

കാനഡയിൽ ക്രൈസ്തവവൽകരണത്തിന്റെ പേരിൽ കുട്ടികളുടെ വംശഹത്യ ; മാപ്പുപറഞ്ഞ് മാർപ്പാപ്പ

കാനഡയിലെ കത്തോലിക്ക സ്‌കൂളുകളില്‍ ക്രിസ്തീയവല്‍കരണത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച്‌ താമസിപ്പിച്ച തദ്ദേശീയ ഗോത്രവര്‍ഗങ്ങളില്‍ പെട്ട ആയിരക്കണക്കിന് കുട്ടികളെ വംശഹത്യയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാപ്പ് ചോദിച്ചു.മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നതിന് വത്തിക്കാനില്‍ എത്തിയ തദ്ദേശീയ ഗോത്രവര്‍ഗ സംഘടനാ പ്രതിനിധികളുടെ മുന്നിലാണ് അദ്ദേഹം മാപ്പു ചോദിച്ചത്. മാര്‍പ്പാപ്പ മാപ്പു പറയുക, തങ്ങളുടെ സമുദായങ്ങള്‍ക്കു നേരെ പതിറ്റാണ്ടുകളോളം നടത്തിയ ക്രൂരതകള്‍ക്ക് സഭ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിച്ച്‌ നേതാക്കള്‍ മാര്‍പ്പാപ്പയെ കാണാന്‍ എത്തിയത്.

കത്തോലിക്ക സഭയുടെ അംഗങ്ങളില്‍നിന്നുണ്ടായ നിഷ്ഠൂരമായ പെരുമാറ്റങ്ങള്‍ക്ക് ദൈവത്തിനോട് മാപ്പ് യാചിക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു. ഈ സംഭവങ്ങളില്‍ അഗാധമായി വേദനിക്കുന്നതായി പ്രതിനിധി സംഘത്തിന് മുന്നില്‍ മാര്‍പ്പാപ്പ പറഞ്ഞു. പശ്ചാതാപത്തിന്റെ പാതയില്‍ സഞ്ചരിച്ച്‌ ഗോത്രസമൂഹങ്ങളോട് മാപ്പുപറഞ്ഞ കനേഡിയന്‍ ബിഷപ്പുമാര്‍ക്കൊപ്പം താന്‍ കണ്ണിചേരുന്നതായും അദ്ദേഹം പറഞ്ഞു.

1863 – 1998 കാലത്ത് തദ്ദേശീയ ഗോത്രവര്‍ഗത്തില്‍ പെട്ട കുട്ടികളെ വംശഹത്യയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ കാനഡയിലെ കത്തോലിക്ക സഭ കഴിഞ്ഞ വര്‍ഷം മാപ്പുപറഞ്ഞിരുന്നു. തദ്ദേശീയ ജനവിഭാഗങ്ങളില്‍പ്പട്ട കുട്ടികളെ സ്വന്തം വീടുകളില്‍നിന്നും പിടിച്ചുകൊണ്ടുവന്ന് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ താമസിപ്പിച്ചശേഷം, മതം മാറ്റുകയും സ്വന്തം സംസ്‌കാരത്തില്‍നിന്നു പുറത്തുവരാനാവശ്യപ്പെട്ട് ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിക്കുകയും ചെയ്തതടക്കമുള്ള സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് കത്തോലിക്ക ബിഷപ്പുമാരുടെ ദേശീയ സമിതി മാപ്പു പറഞ്ഞത്. കത്തോലിക്ക സഭയിലെ ചിലര്‍ നടത്തിയ വൈകാരികവും ആത്മീയവും സാംസ്‌കാരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ക്ക് അസന്ദിഗ്ധമായ മാപ്പ് പറയുന്നതായി കനേഡിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് വാര്‍ത്താ കുറിപ്പിലാണ് അന്ന് അറിയിച്ചത്. 2008-ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഈ സംഭവങ്ങളില്‍ മാപ്പു പറഞ്ഞിരുന്നു.

തദ്ദേശീയ ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികളെ കനേഡിയന്‍ സംസ്‌കാരവുമായി ചേര്‍ക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സഭ നടത്തിയ റെസിഡന്‍ഷ്യന്‍ സ്‌കൂളുകളിലാണ് നൂറ്റാണ്ടിലേറെ കാലം സാംസ്‌കാരിക വംശഹത്യ നടന്നത്. കാനഡയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍നിന്ന് ആയിരത്തിലേറെ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഈയിടെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഭയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സംഭവം അന്വേഷിച്ച പ്രത്യേക സമിതി മാര്‍പ്പാപ്പ മാപ്പ പറയണം എന്നതടക്കമുള്ള 94 ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പ് പറയാനാവില്ലെന്ന് 1994-ല്‍ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ മാപ്പു പറച്ചില്‍.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം കണ്ടെത്തിയിരുന്നു. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടിലാണ് കുട്ടികളെ കൂട്ടമായി അടക്കം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് ഈ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. അതിനു പിന്നാലെ ഇതിനടുത്തുള്ള ക്രാന്‍ബ്രൂക്കിലെ സെന്റ് യൂജിന്‍സ് മിഷന്‍സ് സ്‌കൂളിന് സമീപം 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

അതിനു ശേഷം നടന്ന തെരച്ചിലുകളില്‍ റെസിഡന്‍ഷ്യ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മറ്റു സ്ഥലങ്ങളിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ഇതുവരെ ആയിരത്തോളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.ഇതിനെ തുടര്‍ന്ന് കാനഡയില്‍ കത്തോലിക്ക സഭയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു.

1,50,000 തദ്ദേശീയരായ കുട്ടികള്‍ ഇത്തരം റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ എത്തിയതായാണ് കണക്ക്. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമീപത്ത് നിന്ന് നിര്‍ബന്ധിതമായി പിടിച്ച്‌ കൊണ്ട് വന്നാണ് കത്തോലിക്കാ സഭ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പാര്‍പ്പിച്ചിരുന്നത്. തദ്ദേശീയ ഭാഷ സംസാരിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കളെ കാണാനും അനുവാദമുണ്ടായിരുന്നില്ല. തദ്ദേശീയ ഭാഷ ഉച്ചരിച്ചാല്‍ അതികഠിനമായ ശിക്ഷാ വിധികളാണ് നേരിടേണ്ടി വന്നിരുന്നത്. ഇത്തരം ശിക്ഷാവിധികളെ തുടര്‍ന്ന് ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ശാരീരികവും മാനസികവും ലൈംഗികവും സാംസ്‌കാരികവുമായ പീഡനങ്ങളാണ് ഈ കുട്ടികള്‍ അനുഭവിക്കേണ്ടി വന്നിരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!