ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികൾ പ്രചരണത്തിൻ്റെ അവസാനഘട്ടത്തിൽ. തിരഞ്ഞെടുപ്പ് നയങ്ങൾക്കൊപ്പം ജാതി മത സമവാക്യങ്ങളും ഈ തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാണ്.

ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ലിബറൽ പാർട്ടിയും, കൺസർവേറ്റീവ് പാർട്ടിയും എൻഡിപിയും ആകെയുള്ള 342 സീറ്റിലും തങ്ങളുടെ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പീപ്പിൾസ് പാർട്ടി ഓഫ് കാനഡ 247 സ്ഥാനാർത്ഥികളെയും ഗ്രീൻ പാർട്ടി 232 സ്ഥാനാർത്ഥികളെയും ബ്ലോക്ക് കെബെക്കോയിസ് 78 സ്ഥാനാർത്ഥികളെയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലിബറൽ പാർട്ടി സ്ഥാനാർത്ഥികളിൽ 24 പേർ മുസ്ലിം കമ്യൂണിറ്റിയിൽ നിന്നും 15 പേർ പഞ്ചാബി കമ്യൂണിറ്റിയിൽ നിന്നും ഉള്ളവർ ആണ്. കൺസർവേറ്റീവ് പാർട്ടിയിൽ മുസ്ലിം കമ്യൂണിറ്റിയിൽ നിന്നും അഞ്ചു പേരും പഞ്ചാബി കമ്യൂണിറ്റിയിൽ നിന്നും 24 പേരുമാണ് സ്ഥാനാർത്ഥികളായുള്ളത്.

കൺസർവേറ്റീവ് പാർട്ടിയും ലിബറൽ പാർട്ടിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വലിയ പരിഗണ കൊടുക്കുന്നുണ്ട് എന്നാണ് ഈ സീറ്റ് വീതം വയ്പ്പിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ 2.7 ശതമാനം ജനസംഖ്യ ഉള്ള ഹിന്ദു സമൂഹത്തിൽ നിന്നും നാമമാത്രമായ സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ലിബറൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും സീറ്റ് നൽകിയിരിക്കുന്നത്. ഈ വോട്ട് ബാങ്ക് രാഷ്ട്രീയം മുൻനിർത്തി കൃത്യമായ രാഷ്ട്രീയ നീക്കം നടത്തിയതിലൂടെ നോട്ടം കൊയ്യാൻ സാധ്യത ലിബറൽ പാർട്ടിക്കാണെന്ന് ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് നാല് ദിവസം ശേഷിക്കെ പുറത്ത് വന്ന ഏറ്റവും പുതിയ സർവേയിലും ലിബറൽ പാർട്ടി ആണ് മുന്നിൽ.