ലണ്ടൻ : ഇന്ത്യക്കാർക്കും തിരിച്ചടിയായി സ്ഥിര താമസത്തിനുള്ള നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഇതോടെ വിദേശികള്‍ക്ക് ഇനി ബ്രിട്ടനിൽ എത്താന്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഇതോടെ വിദേശവിദ്യാർത്ഥികൾക്ക് പഠനശേഷം ഒന്നരവര്‍ഷം മാത്രമേ രാജ്യത്ത് തുടരാൻ അനുമതി ലഭിക്കൂ. കൂടാതെ അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മുന്നോട്ടുവയ്ക്കുന്നു. ഇതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവില്‍ കുടിയേറ്റത്തില്‍ പത്തു മുതല്‍ 20 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ന്നു പോയിൻ്റ് നിബന്ധനകള്‍ ഉള്‍പ്പെടുത്തി ചില വിഭാഗങ്ങള്‍ക്കു പത്തുവര്‍ഷം എന്ന കാലയളവില്‍ ഇളവു നല്‍കും. ഇവ ഏതൊക്കെ തൊഴില്‍ വിഭാഗങ്ങള്‍ക്ക് എന്നതു നടപ്പാക്കുന്ന സമയത്തു മാത്രമായിരിക്കും തീരുമാനിക്കുക. വിദ്യാർത്ഥി വീസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നവരുടെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി സ്റ്റുഡൻ്റ് ഫീ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് ഇനി 18 മാസമാക്കി കുറയ്ക്കുന്നതിനുള്ള നിർദ്ദേശവും ഇതില്‍ ഉള്‍പ്പെടും.

കാത്തിരിപ്പ് കാലയളവ് നീട്ടുന്ന നിയമം പ്രാബല്യത്തിൽ വരുന്നതോടെ, എല്ലാ വർഷവും നിരവധി പ്രൊഫഷണലുകളും വിദ്യാർത്ഥികളും യുകെയിലേക്ക് എത്തുന്നതിനാൽ ഇന്ത്യക്കാരെ ഇത് ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. യുകെയിലേക്കുള്ള വാർഷിക കുടിയേറ്റത്തിൽ മൊത്തത്തിൽ 10% കുറവുണ്ടായിട്ടും, 2023-ൽ, യുകെയിലേക്കുള്ള ഏറ്റവും വലിയ കുടിയേറ്റക്കാരായിരുന്നു ഇന്ത്യക്കാർ. ഏകദേശം 250,000 പേർ പ്രധാനമായും ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.