ഓട്ടവ : കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിന് വെല്ലുവിളി ഉയർത്തിയിരുന്ന ബാക്ക്‌ലോഗ് കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). പൗരത്വം, സ്ഥിര താമസം, താൽക്കാലിക താമസം എന്നീ വിഭാഗങ്ങളിലുടനീളമുള്ള അപേക്ഷകളിൽ ഗണ്യമായ വർധന ഉണ്ടായപ്പോളും ബാക്ക്‌ലോഗ് 2.53% കുറഞ്ഞതായി ഐആർസിസി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 30 വരെ, കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ ആകെ എണ്ണം 760,200 ആണ്. ഒരു മാസം മുമ്പ് 779,900 ആയിരുന്നു ബാക്ക്‌ലോഗ്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ബാക്ക്‌ലോഗാണിത്. പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഏപ്രിൽ 30 വരെ, മൊത്തം അപേക്ഷകളുടെ എണ്ണം 2,041,800-ൽ എത്തി. ഇത് മാർച്ച് 30-ന് റിപ്പോർട്ട് ചെയ്ത 1,976,700-ൽ നിന്ന് 65,100-ന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 28-ന് ഇൻവെന്‍ററിയിൽ 2,029,400 അപേക്ഷകളുമായിരുന്നു ഉണ്ടായിരുന്നത്.
സ്ഥിര താമസ അപേക്ഷകൾ
ഏപ്രിൽ 30 വരെ, സ്ഥിര താമസ (PR) ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കായുള്ള IRCC യുടെ ഇൻവെന്‍ററിയിൽ ആകെ 880,800 അപേക്ഷകളാണ് ഉള്ളത്. എക്സ്പ്രസ് എൻട്രി, എക്സ്പ്രസ് എൻട്രി-അലൈൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) സ്ട്രീമുകൾ, ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ അപേക്ഷകളിൽ ആകെ 489,800 (56%) എണ്ണം IRCC-യുടെ സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. അതായത് 391,000 അപേക്ഷകൾ ബാക്ക്‌ലോഗായി.

താൽക്കാലിക റസിഡൻ്റ് പെർമിറ്റ് അപേക്ഷകൾ
ഏപ്രിൽ അവസാനത്തോടെ, താൽക്കാലിക റസിഡൻ്റ് (TR) അപേക്ഷകളിൽ 65% IRCC-യുടെ സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. ഈ വിഭാഗത്തിൽ വർക്ക് പെർമിറ്റുകൾ, സ്റ്റഡി പെർമിറ്റുകൾ, സന്ദർശക വീസകൾ എന്നിവ ഉൾപ്പെടുന്നു. പ്രോസസ്സിംഗ് കാത്തിരിക്കുന്ന 918,500 TR അപേക്ഷകളിൽ 594,200 അപേക്ഷകളും സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു – തൽഫലമായി, 324,300 അപേക്ഷകൾ ബാക്ക്‌ലോഗിൽ തുടർന്നു.

പൗരത്വ ഗ്രാന്റുകൾ
മറ്റ് അപേക്ഷാ ബാക്ക്‌ലോഗുകളെ അപേക്ഷിച്ച് കനേഡിയൻ പൗരത്വ ഗ്രാൻ്റ് അപേക്ഷകൾക്കുള്ള ബാക്ക്‌ലോഗ് വളരെ കുറവാണ്. IRCC യുടെ ഇൻവെന്‍ററിയിലെ ആകെ പൗരത്വ അപേക്ഷകളുടെ എണ്ണം ഏപ്രിൽ അവസാനത്തോടെ 242,500 ആയി. ഈ അപേക്ഷകളിൽ 81% സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു, 44,900 അപേക്ഷകൾ (അല്ലെങ്കിൽ 19%) മാത്രമേ ബാക്ക്‌ലോഗിൽ അവശേഷിക്കുന്നുള്ളൂ.