മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റ് ആയ ട്വിറ്റർ ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ എന്തെങ്കിലും പോസ്റ്റ് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്യാൻ ഒരു സംവിധാനമില്ലാത്തത് നിങ്ങളെ തീർച്ചയായും അലോരസപ്പടുത്തിയിട്ടുണ്ടാകും. ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത ട്വീറ്റിൽ മഠം വരുത്തേണമെങ്കിൽ ഡിലീറ്റ് ചെയ്ത് കളഞ്ഞതിന് ശേഷം എഡിറ്റ് ചെയ്ത് ശരിയാക്കിയ കാര്യം പുത്തൻ ട്വീറ്റ് ആയി പോസ്റ്റ് ചെയ്യാനേ പറ്റൂ. ട്വിറ്റർ ഉപഭോക്താക്കൾ പലകുറി ഈ രീതി മാറ്റണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ട്വിറ്റർ ഇതുവരെ എഡിറ്റ് ബട്ടൺ അവതരിപ്പിക്കാൻ തയ്യാറായിട്ടില്ല.
എന്നാൽ ഒരുപക്ഷെ ഒടുവിൽ ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വന്നേക്കും. ഏകദേശം 3 ബില്യൺ ഡോളർ (ഏകദേശം 22,700 കോടി രൂപ) മൂല്യമുള്ള ട്വിറ്ററിലെ 9.2 ശതമാനം ഓഹരികൾ ടെസ്‌ല, പേപാൽ, സ്പേസ് എക്‌സ് തുടങ്ങിയ വൻകിട കമ്പനികളുടെ അമരക്കാരനും ലോകത്തിലെ ഏറ്റവും പണക്കാരിൽ ഒരാളുമായ ഇലോൺ മസ്‌ക് വാങ്ങിയതോടെയാണിത്. ഇതോടെ മൈക്രോ ബ്ലോഗിംഗ് സൈറ്റിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി മാറിയ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പോൾ ആണ് ട്വിറ്ററിലെ എഡിറ്റ് ബട്ടനെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുന്നത്.
“നിങ്ങൾക്ക് ഒരു എഡിറ്റ് ബട്ടൺ വേണോ?” (Do you want an edit button?) എന്നാണ് മസ്‌ക് ട്വീറ്റിൽ ചോദിക്കുന്നത്. യെസ് അല്ലെങ്കിൽ നോ എന്ന് പ്രതികരണം അറിയിക്കാം. മസ്‌കിന്റെ വോട്ടെടുപ്പിന് മറുപടിയായി ട്വിറ്ററിൻ്റെ സിഇഒ പരാഗ് അഗർവാൾ ട്വീറ്റ് ചെയ്തത് ‘വോട്ടെടുപ്പിന്റെ അനന്തരഫലങ്ങൾ പ്രധാനമാണ്. ശ്രദ്ധയോടെ വോട്ട് ചെയ്യുക’ എന്നാണ്.
മസ്കിന്റെ വോട്ടെടുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്. ദി ലിസ് വീലർ ഷോയുടെ ലിസ് വീലർ പറയുന്നതനുസരിച്ച് എഡിറ്റ് ബട്ടൺ ദുരുപയോഗം ചെയ്യപ്പെടാം എന്നാണ്. ഒരു ട്വീറ്റ് വളരെയധികം ട്രാക്ഷൻ നേടിയതിന് ശേഷം അതിന്റെ അർത്ഥം പൂർണ്ണമായും മാറ്റാൻ ഒരുപക്ഷെ എഡിറ്റ് ബട്ടൺ ഉപയോഗിച്ച് സാധിക്കും എന്ന് ലിസ് വീലർ ട്വീറ്റ് ചെയ്തു. എന്നാൽ ഇതിന് മറുപടിയായി മെറ്റാ (ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം) സിടിഒ ആൻഡ്രൂ ബോസ്‌വർത്ത് എത്തി. അത്തരം പോസ്റ്റുകൾക്ക് ‘edited’ എന്നാൽ മാർകിങ് നൽകി ഫേസ്ബുക്ക് ഇതിനകം തന്നെ ഈ പ്രശ്നം പരിഹരിച്ചതായി ആൻഡ്രൂ ചൂണ്ടിക്കാട്ടി.