Monday, August 18, 2025

ഇസ്രയേലി മന്ത്രിമാർക്കെതിരെ ഉപരോധം: അപലപിച്ച് യുഎസ്

വാഷിംഗ്ടൺ ഡി സി : ഇസ്രയേൽ-ഗാസ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേൽ മന്ത്രിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ കാനഡയുടെയും മറ്റ് രാജ്യങ്ങളുടെയും നടപടിയെ അപലപിച്ച് അമേരിക്ക. യുഎസ് നേതൃത്വത്തിൽ വെടിനിർത്തലിനും, എല്ലാ ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരാനും, യുദ്ധം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളെ ഈ ഉപരോധം തകർക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, നോർവേ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ യഥാർത്ഥ ശത്രു ആരാണെന്ന് മറക്കരുതെന്നും മാർക്കോ റൂബിയോ അറിയിച്ചു. അവർ ഉപരോധ നടപടികൾ പിൻവലിക്കണമെന്നും മാർക്കോ റൂബിയോ അഭ്യർത്ഥിച്ചു. ഹമാസ് ഒരു ഭീകര സംഘടനയാണ്, അവർ നിരപരാധികളായ സാധാരണക്കാരെ ബന്ദികളാക്കുകയും ഗാസയിലെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നത് തടയുന്നതായും അദ്ദേഹം പറഞ്ഞു.

ഗാസയിലെ യുദ്ധത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ഇസ്രയേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച് എന്നിവർക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയത്. ഇറ്റാമർ ബെൻ-ഗ്വിറും ബെസലേൽ സ്മോട്രിച്ചും തീവ്രവാദ അക്രമത്തിനും പലസ്തീൻ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ദുരുപയോഗത്തിനും പ്രേരിപ്പിച്ചതായി കാനഡ പറയുന്നു. ഇരുവർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും അവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യുമെന്നും കാനഡ അറിയിച്ചു. ബെൻ-ഗ്വിറും സ്മോട്രിച്ചും ഗാസ സ്ഥിരമായി കീഴടക്കാനും അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്യുകയും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനെതിരെ പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!