ഓട്ടവ : മെയ് മാസത്തിൽ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനത്തിൽ തന്നെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് തുടർച്ചയായി രണ്ടാം തവണയും 2.75 ശതമാനമായി നിലനിർത്തിയതോടെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. നികുതി മാറ്റങ്ങൾ ഒഴികെയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം 2.3 ശതമാനമായി സ്ഥിരത പുലർത്തി.

അതേസമയം കുറഞ്ഞ പലിശ നിരക്കുകൾ കാരണം മോർഗെജ് പലിശ ചെലവുകൾ തുടർച്ചയായ 21-ാം മാസവും കുറഞ്ഞതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഗ്രോസറി ഉല്പന്നങ്ങളുടെ വില മെയ് മാസത്തിൽ പ്രതിവർഷം 3.3% വർധിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടിയതോടെ പുതിയ വാഹനങ്ങളുടെ വില മെയ് മാസത്തിൽ 4.9% വർധിച്ചു.

അമേരിക്കയുമായുള്ള കാനഡയുടെ താരിഫ് തർക്കം പണപ്പെരുപ്പത്തെയും സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്ന് കാണാൻ കാത്തിരിക്കുന്നതിനിടെ, സെൻട്രൽ ബാങ്ക് ഈ കണക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് തീരുമാനം ജൂലൈ 30-ന് നടക്കും.