ഓട്ടവ : ഡിഎച്ച്എൽ എക്സ്പ്രസ് കാനഡയിലെ പണിമുടക്കിന് ശുഭാന്ത്യം. രണ്ടാഴ്ച നീണ്ടുനിന്ന പണിമുടക്കിന് ശേഷം യൂണിഫോറും ഡിഎച്ച്എൽ എക്സ്പ്രസ് കാനഡയും താൽക്കാലിക കരാറിലെത്തി. കാനഡയിലുടനീളമുള്ള രണ്ടായിരത്തിലധികം ട്രക്ക് ഡ്രൈവർമാർ, കൊറിയർമാർ, വെയർഹൗസ്, ക്ലറിക്കൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിഫോർ കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.

വേതന വർധന, ജോലി സാഹചര്യങ്ങൾ, ജോലിസ്ഥലത്തെ സുരക്ഷ, ഓട്ടോമേഷൻ എന്നിവയായിരുന്നു കരാർ ചർച്ചയിലെ പ്രധാന വിഷയങ്ങൾ. അതേസമയം മണിക്കൂർ വേതനക്കാരായ ജീവനക്കാർക്ക് 22% വേതന വർധന യൂണിയൻ ആവശ്യപ്പെട്ടതായി ഡിഎച്ച്എൽ വക്താവ് പമേല ഡ്യൂക്ക് റായ് അറിയിച്ചു.

ലുലുലെമോൺ, ഷെയിൻ, സീമെൻസ് എന്നിവരുൾപ്പെടെ കാനഡയിൽ 50,000 ഉപയോക്താക്കളുള്ള ജർമ്മൻ ഉടമസ്ഥതയിലുള്ള കൊറിയർ കമ്പനി പണിമുടക്കിന്റെ ആദ്യ ദിവസങ്ങളിൽ പകരം ജീവനക്കാരെ ഉപയോഗിച്ച് പാഴ്സൽ വിതരണം നടത്തിയിരുന്നു. എന്നാൽ, ജൂൺ 20 മുതൽ ഡിഎച്ച്എൽ എക്സ്പ്രസ് കാനഡ പൂർണ്ണമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഇതോടെ രാജ്യത്തുടനീളമുള്ള ദൈനംദിന പാഴ്സൽ വിതരണം താറുമാറായി.