ചണ്ഡീഗഡ്: ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനിയെന്ന് കരുതപ്പെടുന്ന ഹിമാന്‍ഷു സൂദ് പഞ്ചാബില്‍ അറസ്റ്റിലായി. കപൂര്‍ത്തല ജില്ലയിലെ ഫഗ്വാര സ്വദേശിയാണ് ഇയാള്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തലവന്‍ നമിത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹിമാന്‍ഷു സൂദ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് അറിയിച്ചു.
അറസ്റ്റിനൊപ്പം ഹിമാന്‍ഷു സൂദിന്റെ കൈവശം നിന്ന് മൂന്ന് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഗുണ്ടാ ശൃംഖലകള്‍ക്കെതിരെ നടക്കുന്ന നടപടികളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഹിമാന്‍ഷു സൂദിന്റെ അറസ്റ്റ് എന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു. അമൃത്സറിലെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇയാളുടെ മറ്റ് കൂട്ടാളികളെ തിരിച്ചറിയുന്നതിനും സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വേണ്ടി അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.