ഓട്ടവ : ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതൃത്വ മത്സരം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആറു മാസം നീളുന്ന നേതൃത്വമത്സരം അടുത്ത വർഷം മാർച്ചിൽ മാനിറ്റോബ തലസ്ഥാനമായ വിനിപെഗിൽ നടക്കുന്ന പാർട്ടിയുടെ കൺവെൻഷനോടൊപ്പം അവസാനിക്കും. നേതൃത്വ മത്സര സ്ഥാനാർത്ഥികൾക്ക് ഒരു ലക്ഷം ഡോളർ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടിവരും, ഇത് മൂന്ന് ഗഡുക്കളായി അടയ്ക്കാം. നേതൃത്വ മത്സര മാർഗ്ഗനിർദ്ദേശങ്ങൾ പാസാക്കാൻ വ്യാഴാഴ്ച എൻഡിപി ദേശീയ കൗൺസിൽ യോഗം ചേർന്നിരുന്നു. സെപ്റ്റംബറിൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അന്തിമ നേതൃത്വ നിയമങ്ങൾ പാർട്ടിയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ പാർട്ടി ലീഡർ ജഗ്മീത് സിങ് രാജിവെച്ചിരുന്നു. ഇതോടെ ഹൗസ് ഓഫ് കോമൺസിൽ ഏഴ് സീറ്റുകൾ മാത്രമുള്ള ന്യൂ ഡെമോക്രാറ്റുകൾക്ക് ഏപ്രിൽ മുതൽ സ്ഥിരം നേതാവില്ല. ഹീതർ മക്ഫെർസൺ, അവി ലൂയിസ്, പീറ്റർ ജൂലിയൻ, ലിയ ഗാസാൻ, അലക്‌സാണ്ടർ ബൗളറിസ്, നഥാൻ കുള്ളൻ എന്നിവർ പാർട്ടി നേതൃത്വസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.