ഓട്ടവ : കാനഡയിൽ തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിൽ, കുടിയേറ്റം നിയന്ത്രിക്കണമെന്ന് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ്. അടുത്ത കുറച്ചുവർഷത്തേക്ക് കാനഡയിലേക്ക് വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ രാജ്യം വിട്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസംഖ്യാ വളർച്ച കുറച്ചാൽ ഭവനം, ആരോഗ്യം, തൊഴിൽ എന്നിവ മെച്ചപ്പെടുത്താനാകുമെന്നും പൊളിയേവ് വ്യക്തമാക്കി. ലിബറൽ സർക്കാരിൻ്റെ കീഴിൽ ജനസംഖ്യ കൂടിയെങ്കിലും വീടുകൾ കുറവാണെന്നും, കുറഞ്ഞ കൂലിക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തൊഴിലില്ലായ്മ കൂട്ടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി കുറഞ്ഞെങ്കിലും, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 14.2 ശതമാനത്തിൽ തുടരുകയും കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ ഉയർന്ന നിലയിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൺസർവേറ്റീവ് ലീഡറിന്റെ പരാമർശം.