ഓട്ടവ : ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് ആൽബർട്ടയും ബ്രിട്ടിഷ് കൊളംബിയയും. ഈ സംഘത്തെ ഇല്ലാതാക്കേണ്ടത് കനേഡിയൻ പൗരന്മാരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. “ക്രിമിനൽ സംഘങ്ങൾക്ക് അതിരുകളോ അതിർവരമ്പുകളോ ഇല്ലെന്നും, അവർക്ക് ഇവിടെ സ്വാഗതമില്ലെന്നും” സ്മിത്തും പൊതുസുരക്ഷാ മന്ത്രി മൈക്ക് എല്ലിസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ലോറൻസ് ബിഷ്ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തെഴുതുമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയും സറേ മേയർ ബ്രെൻഡയും ഒരു മാസം മുൻപ് പറഞ്ഞിരുന്നു.

ആൽബർട്ട, ഒന്റാരിയോ, സറേ എന്നിവിടങ്ങളിലെ ദക്ഷിണേഷ്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരായ ഭീഷണികൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് ആർസിഎംപി കണ്ടെത്തിയിരുന്നു. ഒരു സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് പൊലീസിന് സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ കൂടുതൽ അധികാരം നൽകും. ഇത് വഴി അവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനും, ധനസഹായം, യാത്ര, റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും സാധിക്കും.

ഈ ഭീഷണി ദക്ഷിണേഷ്യൻ സമൂഹങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും, ഉടൻ നടപടി വേണമെന്നും സ്മിത്തും എല്ലിസും ആവശ്യപ്പെട്ടു. ഒന്റാരിയോയിലെ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണും ഈ നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 2015 മുതൽ ഇന്ത്യൻ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ്ക്കെതിരെ ഇരുപതിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.