മൺട്രിയോൾ : കെബെക്കിലെ കാനഡ-യുഎസ് അതിർത്തിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനധികൃത കുടിയേറ്റക്കാർക്കായി തിരച്ചിൽ തുടരുന്നു. ഹെമ്മിംഗ്‌ഫോർഡിൽ രണ്ട് എസ്‌യുവികൾ കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനത്തിൽ രണ്ട് പേരും മറ്റൊന്നിൽ പത്തോളം പേരുമാണ് ഉണ്ടായിരുന്നത്. രണ്ടുപേരുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറെ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതായി സ്യൂറെറ്റേ ഡു കെബെക്ക് (എസ്ക്യൂ)അറിയിച്ചു.

അതേസമയം, രണ്ടാമത്തെ എസ്‌യുവിയിലുണ്ടായിരുന്നത് യുഎസിൽ നിന്ന് അതിർത്തി കടന്ന് അനധികൃതമായി വന്ന കുടിയേറ്റക്കാരാണെന്നും ഇവരിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. മറ്റുള്ള എട്ടോളം പേർ കാൽനടയായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവർക്കായി ആർസിഎംപിയുമായി ചേർന്ന് തിരച്ചിൽ നടത്തുകയാണെന്ന് എസ്ക്യൂ അറിയിച്ചു. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, പൊലീസ് നായകൾ എന്നിവ തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. കനത്ത മഴ തിരച്ചിലിന് തടസ്സമായെങ്കിലും രാത്രി വൈകിയും സംഘം തിരച്ചിൽ തുടർന്നു. തിങ്കളാഴ്ചയും ആർസിഎംപി വാഹനങ്ങൾ പ്രദേശത്ത് നിരീക്ഷണം തുടരും. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.