പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആക്‌സിയം 4 ദൗത്യസംഘം ഇന്ന് ഭൂമിയില്‍ എത്തും. ശുഭാംശു ശുക്ലയും സംഘവും
ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോര്‍ണിയക്കടുത്ത് പസഫിക് സമുദ്രത്തില്‍ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗണ്‍ പേടകം സ്പ്ലാഷ്ഡൗണ്‍ ചെയ്യും.
തിങ്കളാഴ്ച (ജൂലൈ 14) വൈകുന്നേരം 4:45 ന് (IST) ഡ്രാഗണ്‍ പേടകം ISS-ല്‍ നിന്ന് വേര്‍പെട്ട് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ യാത്ര ആരംഭിച്ചിരുന്നു. ശുഭാംശു ശുക്ലയോടൊപ്പം കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരും സംഘത്തിലുണ്ട്.

ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം, ശുക്ലയെയും സംഘത്തെയും നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക് മാറ്റും. അവിടെ വൈദ്യനിരീക്ഷണത്തില്‍ പോസ്റ്റ്-ലാന്‍ഡിംഗ് പ്രോട്ടോക്കോളുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കും. ശുക്ല ഒരു പരമ്പര മെഡിക്കല്‍, സൈക്കോളജിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകും. ഈ ഡാറ്റ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ആക്‌സിയം, ഐഎസ്ആര്‍ഒ എന്നിവയ്ക്ക് സഹായകമാകും.
31 രാജ്യങ്ങള്‍ നിര്‍ദേശിച്ച അറുപത് പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തില്‍ നടത്തിയത്. പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വിവിധ മേഖലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാസൂചിക സമ്മാനിക്കും. ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു പൂര്‍ത്തിയാക്കിയത്. ബഹിരാകാശ നിലയത്തില്‍ ശുഭാംശു മുളപ്പിച്ച വിത്തുകള്‍ ഭൂമിയിലെത്തിച്ച് തുടര്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും. സയനോബാക്ടീരയകള്‍, മൂലകോശങ്ങള്‍ ,സൂക്ഷ്മ ആല്‍ഗകള്‍ എന്നിവയില്‍ നടത്തിയ പരീക്ഷണങ്ങളും അതിപ്രധാനമാണ്.