ഓട്ടവ : കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും ഉടൻ തന്നെ അവരുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും കാണാനുള്ള അവസരം ലഭിക്കും. പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം ഇൻടേക്ക് ആരംഭിക്കുന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ജൂലൈ 28 മുതൽ സ്പോൺസർമാർക്കുള്ള ഇൻവിറ്റേഷൻ അയച്ചു തുടങ്ങുമെന്ന് ഐആർസിസി റിപ്പോർട്ട് ചെയ്തു.

രണ്ടാഴ്ചയ്ക്കുള്ളിൽ 17,860 ഇൻവിറ്റേഷൻ നൽകുമെന്ന് ഐആർസിസി പറയുന്നു. ഈ വർഷത്തേക്ക് 10,000 പൂർണ്ണ അപേക്ഷകൾ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം. 2020-ൽ സ്പോൺസർ ഫോമിൽ താൽപ്പര്യം പ്രകടിപ്പിച്ച യോഗ്യതയുള്ള സ്പോൺസർമാർക്ക് ഇൻവിറ്റേഷൻ അയയ്ക്കും. കൂടാതെ ഇൻവിറ്റേഷൻ ലഭിക്കാൻ സാധ്യതയുള്ള സ്പോൺസർമാർക്ക് 10 വർഷം വരെ സന്ദർശക പദവി നൽകുന്ന സൂപ്പർ വീസ പ്രോഗ്രാം വഴി അവരുടെ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ കഴിയും.
പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം
കാനഡയിലെ ഫാമിലി ക്ലാസ് ഇമിഗ്രേഷൻ വിഭാഗം കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം അല്ലെങ്കിൽ പിജിപി വഴി അവരുടെ മാതാപിതാക്കളെയോ മുത്തശ്ശിയെയോ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്നു. സ്പോൺസർ ചെയ്ത മാതാപിതാക്കളും മുത്തശ്ശിമാരും കാനഡയിലെ സ്ഥിര താമസക്കാരാകാനുള്ള സാധ്യതയും ഉണ്ട്. അതോടൊപ്പം സ്ഥിര താമസക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സ്ഥലം, സമയം, മേഖല എന്നിവയിൽ യാതൊരു നിയന്ത്രണവുമില്ലാതെ കാനഡയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും, പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ പരിരക്ഷയും മറ്റ് സേവനങ്ങളും ലഭ്യമാകുന്നതും ഇതിൽ ഉൾപ്പെടുന്നു.

സൂപ്പർ വീസ
സൂപ്പർ വീസ എന്നത് മക്കളെയും ചെറുമക്കളെയും സന്ദർശിക്കാനും അവർക്കൊപ്പം താമസിക്കാനുമുള്ള രക്ഷാകർതൃ വീസയാണ്. ഒരു തവണ അപേക്ഷിച്ചാൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന സന്ദർശനങ്ങൾ അനുവദിക്കും. കൂടാതെ, വീസ കാലാവധി കഴിയുമ്പോൾ അപേക്ഷകന് വീസ പുതുക്കാൻ കഴിയും. സാധാരണ സന്ദർശക വീസയുമായി താരതമ്യപ്പെടുത്തുമ്പോൾ, സൂപ്പർ വീസ കൂടുതൽ ദൈർഘ്യമേറിയ താമസം അനുവദിക്കുന്നു. സൂപ്പർ വീസ ലഭിക്കാൻ യോഗ്യതാ ചില മാനദണ്ഡങ്ങൾ പാലിക്കണം. സൂപ്പർ വീസയ്ക്ക് അപേക്ഷിക്കുന്നവർ കനേഡിയൻ പൗരനോ കാനഡയിലെ സ്ഥിര താമസക്കാരനോ ആയ വ്യക്തിയുടെ പേരന്‍റസോ ഗ്രാൻഡ് പേരന്‍റസോ ആയിരിക്കണം. കൂടാതെ സൂപ്പർ വീസ ലഭിക്കുന്നതിന് കാനഡയിൽ നിന്നുള്ള നിങ്ങളുടെ കുട്ടിയുടെയോ പേരക്കുട്ടിയുടെയോ ഇൻവിറ്റേഷൻ ലെറ്റർ ആവശ്യമാണ്. ഈ കത്തിൽ കാനഡയിലെ നിങ്ങളുടെ താമസ കാലയാളവിൽ സാമ്പത്തിക പിന്തുണ ഉറപ്പ് നൽകണം. വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ പേരുകളും കത്തിൽ ഉണ്ടായിരിക്കണം. ഇൻവിറ്റേഷൻ നൽകുന്ന വ്യക്തിയുടെ കനേഡിയൻ പൗരത്വത്തിന്‍റെയോ സ്ഥിര താമസത്തിന്‍റെയോ തെളിവിന്‍റെ ഫോട്ടോകോപ്പിയും അപേക്ഷയുടെ കൂടെ സമർപ്പിക്കണം.