മിസ്സിസാഗ : സെൻ്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് കത്തീഡ്രലിൽ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ജൂലൈ 18 വെള്ളിയാഴ്ച കൊടിയേറി ജൂലൈ 27 ഞായറാഴ്ച തിരുനാൾ സമാപിക്കും. തിരുനാളിനോടനുബന്ധിച്ച് ജൂലൈ 18 മുതല്‍ 26 വരെ ദിവ്യവലിയും നൊവേനയും അർപ്പിക്കും. ജൂലൈ 25, 26, 27 തീയതികളില്‍ കഴുന്ന്, മുടി എന്നിവ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ അറിയിച്ചു.

ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് കത്തീഡ്രല്‍ ഇടവക വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും മാനന്തവാടി രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം മുഖ്യകാർമ്മികത്വം വഹിക്കും. ജൂലൈ 19 ശനിയാഴ്ച ‘കുട്ടികള്‍ക്ക് ഉള്ള പ്രത്യേക ദിനം’ ആയി ആചരിക്കും. രാവിലെ ഒമ്പതിന് ഫാ. ഹരോള്‍ഡ് ജോസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും നൊവേനയും നടക്കും. ജൂലൈ 20 ഞായറാഴ്ച മുതിർന്നവരുടെ ദിനമായി ആചരിക്കും. രാവിലെ എട്ടരയ്ക്ക് നടക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും മുന്‍ വികാരി ഫാ. ജേക്കബ് എടക്കളത്തൂര്‍ കാർമ്മികത്വം വഹിക്കും. തുടർന്ന് ഇടവകയിലെ മുതിര്‍ന്നവരെ ആദരിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. ഫ്രാന്‍സിസ് സാമൂവല്‍ അക്കരപറ്റിയേക്കല്‍, ഫാ. ജോര്‍ജ് തുരുത്തിപ്പള്ളി, ഇടവക അസിസ്റ്റൻ്റ് വികാരി ഫാ. സിജോ ജോസ് അരിക്കാട്ട്, ഫാ. ഷാജി മണ്ടപകത്തികുന്നേല്‍ സിഎസ് സി (നാഷണല്‍ ഡയറക്ടര്‍, ഹോളി ക്രോസ്സ് ഫാമിലി മിനിസ്ട്രിസ് കാനഡ), ഫാ. ബോബി ജോയി മുട്ടത്തുവലയില്‍, മിസ്സിസാഗ രൂപതാ വികാരി ജനറാള്‍ ഫാ. പെരിയ പത്രോസ് ചമ്പക്കര തുടങ്ങിയവർ കാർമ്മികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 27 ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുർബ്ബാന. കത്തീഡ്രല്‍ ഇടവക വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ പത്തരയ്ക്ക് മാനന്തവാടി രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാള്‍ കുര്‍ബാന. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്‌നേഹവിരുന്ന്.
