ഓട്ടവ : കാനഡയിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നതായും പുതിയ റിപ്പോർട്ട്. വേതനം കുറയുകയും നിക്ഷേപം കുതിച്ചുയരുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ള കുടുംബങ്ങളും ഏറ്റവും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളും തമ്മിലുള്ള വരുമാന അന്തരം വർധിച്ച് റെക്കോർഡിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അന്തരം വർധിച്ചു വരുന്നതായും ഫെഡറൽ ഏജൻസി പറയുന്നു.

2025- ന്‍റെ ആദ്യ പാദത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം 49% വർധിച്ചതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടാതെ 2025 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകൾ പ്രകാരം ദരിദ്ര കുടുംബങ്ങളെ അപേക്ഷിച്ച്, സമ്പന്ന കുടുംബങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ കൈവശമുണ്ടായിരുന്നതായി ഏജൻസി അറിയിച്ചു. 2025-ൻ്റെ ആദ്യ പാദത്തിൽ, സമ്പന്നരായ കുടുംബങ്ങൾക്ക് അവരുടെ നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ പണം ലഭിച്ചു. എന്നാൽ ദരിദ്ര കുടുംബങ്ങളുടെ വേതനം കുറഞ്ഞതിനാൽ അവരുടെ വരുമാനത്തിലും കുറവുണ്ടായി. 2025-ൻ്റെ ആദ്യ പാദത്തിൽ, രാജ്യത്തെ ഏറ്റവും ദരിദ്രരായ 20% കുടുംബങ്ങളുടെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 3.2% വർധന മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ, ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം സമ്പന്നരായ കുടുംബങ്ങളുടെ വരുമാനത്തിൽ 7.7% വർധനയാണ് ഉണ്ടായിട്ടുള്ളത്.