ഓട്ടവ : ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിൽ കാനഡയിൽ വിറ്റഴിച്ച ചീസ് തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ പ്രവിശ്യകളിൽ വിറ്റഴിച്ച മൗണ്ട് ബെച്ചർ ബഫല്ലോ മീഡിയം ചീസ് ആണ് തിരിച്ചുവിളിച്ചത്. 854 179, 854 263 എന്നീ ബാച്ച് നമ്പറുകളിലുള്ള 150 ഗ്രാം വലുപ്പമുള്ളവയാണ് ബാധിച്ച ഉൽപ്പന്നങ്ങൾ. ഇവ കഴിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ബാധിച്ച ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണം.

ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാക്ടീരിയയാൽ മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയുണ്ടാകുന്ന ലിസ്റ്റീരിയോസിസ് എന്ന അണുബാധ ശരീരത്തിൽ ഗുരുതരമായ രോഗങ്ങൾക്കോ കുടൽ സംബന്ധമായ അസുഖങ്ങൾക്കോ കാരണമായേക്കാം. ഗർഭിണികൾ, നവജാതശിശുക്കൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരെ ഇത് കൂടുതൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശിവേദന, കടുത്ത തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചീസ് കഴിച്ച് അസുഖം ബാധിച്ച ഉപഭോക്താക്കൾ ഉടൻ ഡോക്ടറുമായി ബന്ധപ്പെടണമെന്നും ഏജൻസി അഭ്യർത്ഥിച്ചു.