ആലപ്പുഴ : അവകാശ ബോധത്തിന്‍റെ ചെങ്കൊടി പിടിപ്പിച്ച നേതാവ് ഓർമ്മയായി. വിപ്ലവ തീപൊരി പകർന്ന വി.എസ് ഇനി പുന്നപ്രയിലെ ജ്വലിക്കുന്ന ഓർമ. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി.എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് അന്ത്യവിശ്രമം. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്‍റെയും പി ടി പുന്നൂസിന്‍റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലായി ഇനി വി.എസും. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്‍റെ ഇടതുഭാഗത്താണ് വി.എസിന്‍റെ സംസ്‌കാരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ച ശേഷം മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.

ഒൻപത് മണിയോടെയാണ് വി.എസിന്‍റെ ഭൗതികദേഹം വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്. പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ വലിയ ചുടുകാടിന് പുറത്തും വലിയ ജനക്കൂട്ടം അണിനിരന്നു. ഔദ്യോഗിക ബഹുമതികൾക്ക് ശേഷം 9.10 ഓടെ വി.എസിന്‍റെ ഭൗതികദേഹം സംസ്കരിച്ചു.