ഓട്ടവ : സ്ഥിര താമസത്തിനായി മാതാപിതാക്കളെയോ മുത്തശ്ശി-മുത്തച്ഛന്മാരെയോ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വാര്‍ഷിക വരുമാന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കാനഡ. പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം (PGP) വഴി ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം 47,549 ഡോളറായി വർധിപ്പിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഇതോടെ മുൻ വർഷത്തെ അപേക്ഷിച്ച് സ്‌പോണ്‍സര്‍മാർക്കുള്ള വാര്‍ഷിക വരുമാന മാനദണ്ഡം മൂവായിരം ഡോളറിലധികം വർധിച്ചു. കൂടാതെ പിജിപി പ്രോഗ്രാമിലൂടെ മാതാപിതാക്കളെയോ മുത്തശ്ശിമാരെയോ സ്പോൺസർ ചെയ്യുന്നതിന്, അപേക്ഷാ തീയതിക്ക് മുമ്പുള്ള മൂന്ന് വർഷത്തെ ഇന്‍കം റിക്വയര്‍മെൻ്റ്സ് പാലിക്കുന്നുണ്ടെന്ന് തെളിയിക്കുകയും വേണം, ഐആർസിസി വ്യക്തമാക്കി.

പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാം (PGP) ഇൻടേക്ക് ജൂലൈ 28 മുതൽ ആരംഭിക്കുമെന്ന് ഐആർസിസി അറിയിച്ചു. അര്‍ഹതയുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാന്‍ ഐആര്‍സിസി 17,860 ഇന്‍വിറ്റേഷനുകള്‍ അയയ്ക്കും. ഈ വര്‍ഷം, പിജിപി പ്രകാരം സ്‌പോണ്‍സര്‍ഷിപ്പിനായി 10,000 അപേക്ഷകള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ഐആര്‍സിസി പ്രസ്താവനയില്‍ വ്യക്തമാക്കി.