ടൊറൻ്റോ : നഗരത്തിൽ അതിശക്തമായ താപനിലയും ഈർപ്പവും പിടിമുറുക്കുന്നതിനാൽ ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂലൈയിലേക്കാണ് ടൊറൻ്റോ നഗരം നീങ്ങുന്നതെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നഗരത്തിലുടനീളം ചൊവ്വാഴ്ച വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. തിങ്കളാഴ്ച, താപനില 33 ഡിഗ്രി സെൽഷ്യസ് കടക്കും. അതേസമയം ഈർപ്പത്തിനൊപ്പം താപനില 41 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. ചൊവ്വാഴ്ച 31 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. കുറഞ്ഞത് ആഴ്ചയുടെ മധ്യം വരെ സമാനമായ അവസ്ഥകൾ തുടരുമെന്നും പ്രതീക്ഷിക്കുന്നു.

ഏറ്റവും ചൂടേറിയ ദിവസങ്ങൾ തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലായിരിക്കും. അതേസമയം ഉഷ്ണതരംഗത്തിന് അന്ത്യം കുറിച്ച് ബുധനാഴ്ച തണുത്ത കാലാവസ്ഥ വീണ്ടും വന്നെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ടൊറൻ്റോയിൽ മഴ പെയ്യാൻ നിലവിൽ 30% സാധ്യതയുണ്ട്. രാത്രിയിൽ താപനില 17 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ ഉഷ്ണ തരംഗ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. കടുത്ത ചൂടിനെ നേരിടാൻ ദാഹമില്ലെങ്കിലും സാധിക്കുമ്പോഴൊക്കെയും വെള്ളം കുടിക്കുക, കനം കുറഞ്ഞ, ഇളം നിറത്തിലുള്ള കാറ്റു കടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ആൽക്കഹോൾ, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക, നിർജ്ജലീകരണം തടയാൻ സഹായിക്കുന്ന ഒആർഎസ് ലായനി അടക്കമുള്ളവ കുടിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കാലാവസ്ഥാ ഏജൻസി നൽകി.