മൺട്രിയോൾ: പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ലെഗോൾട്ട് സർക്കാരിന്റെ ബജറ്റ് വെട്ടിക്കുറയ്ക്കലിനെതിരെ കെബെക്ക് ഇംഗ്ലീഷ് സ്കൂൾ ബോർഡ്സ് അസോസിയേഷൻ (ക്യുഇഎസ്ബിഎ) നിയമ പോരാട്ടത്തിലേക്ക്.

ജൂണിൽ ആദ്യമായി ബജറ്റ് വെട്ടിക്കുറയ്ച്ചപ്പോൾ ഈ നടപടി ഭരണഘടനാവിരുദ്ധവും പ്രായോഗികമല്ലാത്തതാണെന്നും വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും ക്യുഇഎസ്ബിഎ പറഞ്ഞു. പ്രഖ്യാപിച്ച ബജറ്റ് വെട്ടിക്കുറയ്ക്കലുകൾ ബോർഡുകളെ പ്രോഗ്രാമുകൾ റദ്ദാക്കാനോ, പ്രത്യേക വിദ്യാഭ്യാസ സേവനങ്ങൾ കുറയ്ക്കാനോ, അല്ലെങ്കിൽ സ്കൂളുകൾ അടച്ചുപൂട്ടാനോ നിർബന്ധിതരാക്കുമെന്ന് ക്യുഇഎസ്ബിഎ പ്രസിഡന്റ് ജോ ഒർട്ടോണ പറയുന്നു. നിയമപരമായ വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണെന്നും അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് കേസ് ഫയൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ജോ ഒർട്ടോണ വ്യക്തമാക്കി. ബജറ്റ് വെട്ടിക്കുറയ്‌ക്കലുകൾക്കെതിരെ പ്രതികരിക്കാൻ വിദ്യാഭ്യാസ മേഖലയിലെ എല്ലാ പങ്കാളികളോടും, രക്ഷിതാക്കളോടും, കമ്യൂണിറ്റി അംഗങ്ങളോടും ക്യുഇഎസ്ബിഎ ആഹ്വാനം ചെയ്‌തു.