മൺട്രിയോൾ: പ്രവിശ്യയിൽ റാക്കൂണുകളിൽ പേവിഷ ബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ ക്യാംപെയ്ൻ ആരംഭിച്ച് കെബേക്ക് സർക്കാർ. വന്യ മൃഗങ്ങളിൽ പേവിഷ ബാധ തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയ്ൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സതേൺ കെബെക്കിലെ 116 മുനിസിപ്പാലിറ്റികളിലായി 635,000 വാക്സിൻ ബെയ്റ്റ് പൗച്ചുകൾ ക്യാംപെയ്നിന്റെ ഭാഗമായി വിതരണം ചെയ്‌തതായി പ്രവിശ്യയുടെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു .2025-ൽ ഇതുവരെ 42 റാക്കൂൺ റാബിസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, കൂടുതലും മോണ്ടെറെജി, ഈസ്റ്റേൺ ടൗൺഷിപ്പ് മേഖലകളിലാണ്.

റൂറൽ മേഖലകളിൽ ഹെലികോപ്റ്റർ വഴി വാക്സിൻ പൗച്ചുകൾ താഴേക്ക് ഇടുകയും മറ്റ് പ്രദേശങ്ങളിൽ ടീമുകൾ നേരിട്ടെത്തി വിതരണം ചെയ്യുകയുമാണ് സാധരണ രീതി. റാക്കൂണുകൾ, സ്കങ്കുകൾ, കുറുക്കന്മാർ തുടങ്ങിയ വന്യ മൃഗങ്ങളെ ആകർഷിക്കുന്നതിനായി പഞ്ചസാരയും വാനിലയും പൊതിഞ്ഞ ചെറിയ സഞ്ചികളിലാണ് വാക്സിൻ പൗച്ചുകൾ തയാറാക്കിയിരിക്കുന്നത് . തുടർന്ന് മൃഗങ്ങൾ അവ കഴിക്കുന്നതിലൂടെ വാക്സിനേഷൻ നടപടി പൂർത്തിയാകുന്നതായി പരിസ്ഥിതി മന്ത്രാലയം വന്യജീവി സാങ്കേതിക വിദഗ്ദ്നായ ഗില്ലൂം ട്രെംബ്ലെ പറഞ്ഞു. ഓഗസ്റ്റ് 6 മുതൽ ആരംഭിച്ച വാക്സിനേഷൻ ക്യാംപെയ്ൻ സെപ്റ്റംബർ 20 വരെ നീണ്ടു നിൽക്കും.