വാഷിങ്ടണ്‍ : കഞ്ചാവിനെ അപകടം കുറഞ്ഞ മയക്കുമരുന്നായി പുനര്‍വര്‍ഗ്ഗീകരിക്കാന്‍ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം കഞ്ചാവിന്റെ ലഭ്യത വർധിപ്പിക്കാനും വ്യവസായം കൂടുതൽ ലാഭകരമാക്കാനും സഹായിക്കും. അടുത്തിടെ ന്യൂജേഴ്‌സിയിൽ നടന്ന പരിപാടിയിൽ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. നിലവിൽ ഷെഡ്യൂൾ I വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കഞ്ചാവിനെ ഷെഡ്യൂൾ III വിഭാഗത്തിലേക്ക് മാറ്റാൻ താൽപര്യപ്പെടുന്നതായാണ് ട്രംപ് പറഞ്ഞത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം ഇതേ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നെങ്കിലും അത് നിയമമായിരുന്നില്ല.

ഏറ്റവും വലിയ കഞ്ചാവ് കമ്പനികളിലൊന്നായ ട്രൂലീവിന്റെ (Trulieve) ചീഫ് എക്‌സിക്യൂട്ടീവ് കിം റിവേഴ്സും ട്രംപിന്റെ ന്യൂജേഴ്സി ക്ലബ്ബിലെ പരിപാടിയിലെ അതിഥികളില്‍ ഒരാളായിരുന്നു എന്നാണ് വിവരം. കഞ്ചാവിനെ പുനർവർഗ്ഗീകരിക്കാനും മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഗവേഷണം വികസിപ്പിക്കാനും അവർ ട്രംപിനോട് ആവശ്യപ്പെട്ടതായാണ് വിവരം. 2018-ൽ കഞ്ചാവ് കമ്പനി ഉടമകളെ കണ്ടപ്പോൾ കഞ്ചാവ് ഉപയോഗം ഐക്യു കുറയ്ക്കുമെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.