മൺട്രിയോൾ : വിദ്യാഭ്യാസ ഫണ്ടിങ് വെട്ടിക്കുറച്ച പ്രവിശ്യാ സർക്കാർ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മൺട്രിയോൾ ഇംഗ്ലീഷ് സ്കൂൾ ബോർഡ് (EMSB). അടുത്ത സാമ്പത്തിക വർഷത്തേക്ക് 57 കോടി ഡോളർ ചെലവ് കുറയ്ക്കാൻ കെബെക്ക് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടതോടെയാണ് സ്കൂൾ ബോർഡിന്റെ ഈ നീക്കം. ഇത് കാരണം തങ്ങളുടെ ബജറ്റിൽ 1.06 കോടി ഡോളറിന്റെ കുറവ് വരുത്തേണ്ടിവരുമെന്ന് EMSB അറിയിച്ചു. ഈ നീക്കം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തെയും ബാധിക്കുമെന്ന് EMSB ചെയർമാൻ ജോ ഓർടോണ പറഞ്ഞു.

കെബെക്ക് ഇംഗ്ലീഷ് സ്കൂൾ ബോർഡ് അസോസിയേഷൻ ആരംഭിച്ച നിയമനടപടിയിൽ പങ്കുചേരാനാണ് മൺട്രിയോൾ സ്കൂൾ ബോർഡിന്റെ തീരുമാനം. നിയമപോരാട്ടത്തിൽ ചേരാൻ താൽപ്പര്യമുള്ള എല്ലാ സ്കൂൾ ബോർഡുകളും വെള്ളിയാഴ്ചയ്ക്കുള്ളിൽ യോഗങ്ങൾ ചേരുമെന്നും EMSB വ്യക്തമാക്കി. വിഷയത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് സർക്കാർ പിന്നീട് 54 കോടി ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.