ഷാർലെറ്റ് ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ സമ്പൂർണ്ണ ഫയർ ബാൻ പ്രഖ്യാപിച്ചു. കാനഡയിലെ മറ്റ് രണ്ട് മാരിടൈം പ്രവിശ്യകൾക്ക് പിന്നാലെയാണ് പിഇഐയും ഈ തീരുമാനം എടുത്തത്. സ്വകാര്യ സ്ഥലങ്ങളിലും പ്രൊവിൻഷ്യൽ പാർക്കുകളിലും ക്യാമ്പ് ഗ്രൗണ്ടുകളിലുമുള്ള എല്ലാത്തരം തീയിടലുകൾക്കും വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവർക്ക് 50,000 ഡോളർ വരെ പിഴ ചുമത്തുവാനാണ് പ്രവിശ്യയുടെ തീരുമാനം. കൂടാതെ, തീപിടിത്തത്തിന് കാരണമാകുന്നവർ നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

മറ്റ് പ്രവിശ്യകളിലെ കാട്ടുതീയും പിഇഐയിലെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും കണക്കിലെടുത്താണ് നടപടിയെന്ന് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രി ഗില്ലസ് ആർസെനോൾട്ട് പറഞ്ഞു. വീടുകളിലെ ബ്രഷ് ബേണിങ്, വ്യാവസായിക, കാർഷിക ആവശ്യങ്ങൾക്കുള്ള ഫയർ പെർമിറ്റുകൾ എന്നിവ നേരത്തെ റദ്ദാക്കിയിരുന്നു. നിലവിൽ, എല്ലാ ഫയർവർക്ക് പെർമിറ്റുകളും നിർത്തിവെച്ചിട്ടുണ്ട്. സുരക്ഷിതമായ സാഹചര്യം തിരിച്ചെത്തിയാൽ വിലക്ക് പിൻവലിക്കുമെന്ന് അധികൃതർ അറിയിച്ചു.