മൺട്രിയോൾ : കനത്ത ചൂടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ എമർജൻസി റൂം ഡോക്ടർമാരോട് ആവശ്യപ്പെട്ട് മൺട്രിയോൾ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെന്റ്. ചൂട് കാരണമുള്ള മരണങ്ങളെക്കുറിച്ച് അറിയുന്ന പക്ഷം 24 മണിക്കൂറിനകം ആരോഗ്യവകുപ്പിനെ അറിയിക്കണം. ചൂടുകൊണ്ടുള്ള അസുഖങ്ങളുമായി എത്തുന്ന രോഗികളുടെ വിവരങ്ങളും നൽകണമെന്ന് പബ്ലിക് ഹെൽത്ത് നിർദ്ദേശിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത ചൂടുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളിൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് പബ്ലിക് ഹെൽത്ത് അറിയിച്ചു.

2018-ൽ മൺട്രിയോളിൽ ഉണ്ടായ ഭീതിതമായ ഉഷ്ണതരംഗത്തിൽ 66 പേർ മരിച്ചിരുന്നു. ഇവരിൽ 26 ശതമാനം പേർക്ക് സ്കിസോഫ്രീനിയ രോഗം ഉണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.