മൺട്രിയോൾ : ഞായറാഴ്ച നഗരത്തിൽ ഉഷ്ണതരംഗം ആരംഭിച്ചതിനുശേഷം, സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിച്ചതായി മൺട്രിയോൾ പൊതുജനാരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഒരാളും ചൊവ്വാഴ്ച രണ്ട് പേരും മരിച്ചതായി ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ട്യൂഡർ മേറ്റെയ് അറിയിച്ചു. ഈ കാലാവസ്ഥയിൽ ഇത്തരത്തിലുള്ള മരണങ്ങൾ പ്രതീക്ഷിക്കാത്തതാണെന്ന് മേറ്റെയ് പറയുന്നു. നഗരത്തിലുടനീളമുള്ള ദുർബല ജനവിഭാഗങ്ങളുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ടെന്ന് മേറ്റെയ് അറിയിച്ചു.

മൺട്രിയോളിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ താപനില 33°C കവിഞ്ഞിരുന്നു. ബുധനാഴ്ച ഉയർന്ന താപനില 30°C ആയിരിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച തണുത്ത കാലാവസ്ഥാ വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, വളരെ ഉയർന്ന ശരീരതാപം, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക തുടങ്ങിയവയാണ് സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍.