ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രക്ഷകന്‍ എന്ന വ്യാജേന അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. അധിക തീരുവ ചുമത്തി ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് ട്രംപ് ശ്രമിച്ചതെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചു.
വ്യാപാര യുദ്ധങ്ങളും ഉയര്‍ന്ന താരിഫുകളും ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള പുതിയ തന്ത്രങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നു. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.

‘ലോകം പ്രക്ഷുബ്ധമാണ്. സ്വതന്ത്രവും ജനാധിപത്യപരവുമായ ലിബറല്‍ ലോകക്രമത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങളെല്ലാം അവ്യക്തമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ, അമേരിക്കയുടെ കുത്തകയായിരുന്ന ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണ്,’ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.