ഓട്ടവ : ചൈനീസ് നിർമ്മിത കപ്പലുകൾ വാങ്ങുന്നതിനായി ബിസി ഫെറീസിനുള്ള 100 കോടി ഡോളർ ഫെഡറൽ വായ്പ റദ്ദാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. ചൈനീസ് സർക്കാർ കാനഡയില്‍ നിന്നുള്ള കനോല ഇറക്കുമതിക്ക് 75.8% ആൻ്റി-ഡംപിങ് തീരുവ ചുമത്തിയ സാഹചര്യത്തിലാണ് ഈ ആവശ്യമായി പിയേർ രംഗത്തെത്തിയത്.

കനേഡിയൻ കർഷകരെയും വ്യവസായത്തെയും പിന്തുണയ്ക്കുമെന്ന് ഫെഡറൽ ഗവൺമെൻ്റ് പറയുമ്പോൾ, ചൈനീസ് കപ്പൽശാലയിൽ നിന്ന് കപ്പലുകൾ വാങ്ങുന്നതിനായി ബിസി ഫെറീസിന് വായ്പ അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ തൊഴിലാളികൾക്ക് കനേഡിയൻ സ്റ്റീൽ, അലുമിനിയം, സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ലോകോത്തര കപ്പലുകൾ നിർമ്മിക്കാൻ കഴിയും, പിയേർ കൂട്ടിച്ചേർത്തു. ഇതിനാൽ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന മർച്ചന്റ്സ് ഇൻഡസ്ട്രി വെയ്‌ഹായ് ഷിപ്പ്‌യാർഡുകളിൽ നിന്നും കപ്പലുകൾ വാങ്ങാനുള്ള ബിസി ഫെറീസിന്റെ പദ്ധതിക്കുള്ള വായ്പ റദ്ദാക്കണമെന്ന് പിയേർ ഭവന, അടിസ്ഥാന സൗകര്യ മന്ത്രി ഗ്രിഗർ റോബർട്ട്‌സണോട് ആവശ്യപ്പെട്ടു.