ടൊറൻ്റോ : ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് മലിനീകരണ സാധ്യത കാരണം ഒൻ്റാരിയോയിൽ വിറ്റഴിച്ച കാമെംബെർട്ട് ചീസുകൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) തിരിച്ചുവിളിച്ചു. മോൺ പെരെ ബ്രാൻഡ് കാമെംബെർട്ട് ചീസ് ടൊറൻ്റോയിലെ 45 റിപ്ലി അവന്യൂവിലുള്ള ദി ചീസ് ബോട്ടിക്കിൽ വിറ്റഴിച്ചതായി ഏജൻസി അറിയിച്ചു. ഡി. ടയേഴ്സ് ഫുഡ്സ് ഇന്‍റർനാഷണൽ ഇൻകോർപ്പറേറ്റഡ് നിർമ്മിക്കുന്ന ചീസ് 250 ഗ്രാം പാക്കേജുകളിലാണ് വിൽക്കുന്നത്.

വിദേശരാജ്യത്ത് ഈ ചീസ് തിരിച്ചുവിളിച്ചതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ് നൽകിയതെന്ന് CFIA പറഞ്ഞു. കാനഡയിൽ ചീസുമായി ബന്ധപ്പെട്ട അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഏജൻസി അറിയിച്ചു. ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗർഭിണികൾക്കും, പ്രായമായവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശിവേദന, കടുത്ത തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടണം.