കാൽഗറി : കഴിഞ്ഞ മാസം കാൽഗറി നഗരമധ്യത്തിൽ കവർച്ചയ്ക്കിടെ കുത്തേറ്റ് ചികിത്സയിലിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. ജൂലൈ 24-ന് രാത്രി എട്ടരയോടെ ഡെർമോണ്ട് ബാൾഡ്വിൻ വേ സൗത്ത് ഈസ്റ്റ് 0-100 ബ്ലോക്കിലെ ഡ്രോപ്പ്-ഇൻ സെന്‍ററിൽ കുത്തേറ്റ 37 വയസ്സുള്ള ഗുർദീപ് സിങ് മുണ്ടിയാണ് മരിച്ചത്.

കവർച്ചാശ്രമത്തിനിടെയാണ് ഗുർദീപ് സിങ് മുണ്ടിയ്ക്ക് കുത്തേറ്റതെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് ഇയാൾ മരിച്ചതെന്നും കാൽഗറി പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നീൽ ഹെൻഡേഴ്സൺ (36), ഡോണോവൻ കോളിൻസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ ആക്രമണം, കവർച്ച തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സിസിടിവി അല്ലെങ്കിൽ ഡാഷ്‌ക്യാം ദൃശ്യങ്ങൾ എന്നിവ കൈവശമുള്ളരോ 403-266-1234 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് കാൽഗറി പൊലീസ് അഭ്യർത്ഥിച്ചു.