കാൽഗറി : സ്റ്റാംപേഡ് പരേഡിന്‍റെ അവസാന ദിവസം കാല്‍ഗറിയില്‍ ഉണ്ടായ കനത്ത ആലിപ്പഴം വീഴ്ചയിൽ ഏകദേശം 10 കോടി ഡോളറിന്‍റെ നാശനഷ്ടമുണ്ടായതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ (ഐബിസി) റിപ്പോർട്ട് ചെയ്തു. ജൂലൈ 13-നുണ്ടായ ആലിപ്പഴം വീഴ്ചയിൽ 9 കോടി 20 ലക്ഷം ഡോളറിന്‍റെ ഇൻഷ്വർ ചെയ്ത നാശനഷ്ടമാണ് വരുത്തിയത്. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും ആലിപ്പഴം വീഴ്ചയിൽ തകർന്ന വാഹനങ്ങൾ കാരണമാണെന്നും ഐബിസി പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആൽബർട്ടയിലുണ്ടായ ആലിപ്പഴം വീഴ്ചയിൽ നിന്നുള്ള ഇന്‍ഷുര്‍ഡ് നാശനഷ്ടം ഇപ്പോള്‍ 600 കോടി ഡോളർ ആയതായി ഐബിസിയുടെ വെസ്റ്റേണ്‍ കാനഡ വൈസ് പ്രസിഡൻ്റ് ആരോൺ സതര്‍ലാൻഡ് പറയുന്നു. ആലിപ്പഴം വീഴ്ചയിൽ നിന്നുള്ള നാശനഷ്ടങ്ങള്‍ തടയുന്നതിന് പ്രത്യേക നടപടികൾ പ്രവിശ്യാ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെസിലൻ്റ് റൂഫിങ് റിബേറ്റ് പ്രോഗ്രാം തിരികെ കൊണ്ടുവരണമെന്നും, വടക്കൻ കാൽഗറി പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ പുതിയ വീടുകളുടെ അടക്കം നിർമ്മാണത്തിൽ ആലിപ്പഴ-പ്രതിരോധശേഷിയുള്ള മേൽക്കൂരയും സൈഡിങും നിർബന്ധമാക്കണമെന്നും ആരോൺ സതര്‍ലാൻഡ് അഭ്യർത്ഥിച്ചു.